image

16 Oct 2023 2:45 PM IST

Company Results

ഫെഡറല്‍ ബാങ്കിന്‍റെ ലാഭം 36% ഉയര്‍ന്നു

MyFin Desk

federal banks profit rose 36%
X

Summary

  • അറ്റ പലിശ വരുമാനം 17 % ഉയര്‍ന്നു
  • ആസ്തി ഗുണനിലവാരം മെച്ചപ്പെട്ടു


കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫെഡറൽ ബാങ്കിന്‍റെ അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ 35.54 ശതമാനം വർധിച്ച് 953.82 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ 703.71 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. ജൂലൈ- സെപ്റ്റംബർ പാദത്തിൽ ബാങ്കിന്റെ മൊത്ത വരുമാനം മുൻവർഷം ഇതേ കാലയളവിലെ 4,630.30 കോടി രൂപയിൽ നിന്ന് 6,185.70 കോടി രൂപയായി ഉയർന്നതായി ഫെഡറൽ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.

ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,761.83 കോടി രൂപയിൽ നിന്ന് 17 ശതമാനം വർധിച്ച് 2,056.42 കോടി രൂപയായി. ബാങ്കിന്‍റെ ആസ്തി നിലവാരം മെച്ചപ്പെട്ടിട്ടുണ്ട്. 2023 സെപ്‌റ്റംബർ അവസാനത്തില്‍ മൊത്തം വായ്പയുടെ 2.26 ശതമാനമാണ് മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ). 2022 സെപ്റ്റംബര്‍ അവസാനത്തില്‍ ഇത് 2.46 ശതമാനമായിരുന്നു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 0.78 ശതമാനത്തില്‍ നിന്ന് അറ്റ ​​നിഷ്‌ക്രിയ ആസ്തി സെപ്റ്റംബര്‍ അവസാനത്തോടെ 0.64 ശതമാനമായി കുറഞ്ഞു.

സെപ്‌റ്റംബർ പാദത്തില്‍ കിട്ടാക്കടങ്ങൾക്കും ആകസ്‌മിക ചെലവുകള്‍ക്കുമായുള്ള വകയിരുത്തല്‍ 44 കോടി രൂപയാണ്. മുൻ സാമ്പത്തിക വർഷം 268 കോടി രൂപയുടെ വകയിരുത്തലാണ് നടത്തിയിരുന്നത്. ബാങ്കിന്റെ ആസ്തി മുന്‍ വര്‍ഷം സെപ്റ്റംബര്‍ അവസാനത്തിലെ 19,617.82 കോടി രൂപയിൽ നിന്ന് 26,032.07 കോടി രൂപയായി ഉയർന്നു.

ബേസൽ III മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കണക്കാക്കിയ ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (CRAR) രണ്ടാം പാദത്തിന്റെ അവസാനത്തിൽ 15.50 ശതമാനമാണ്.