28 Jan 2025 2:23 PM GMT
ഫെഡറല്‍ ബാങ്കിന് റെക്കോഡ് പ്രവർത്തനലാഭം; മൂന്നാം പാദത്തില്‍ 1569 കോടി അറ്റാദായം
MyFin Desk
2024 ഡിസംബർ 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിൽ ഫെഡറൽ ബാങ്ക് 1569 കോടി രൂപ പ്രവർത്തനലാഭം രേഖപ്പെടുത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രവർത്തന ലാഭമാണിത്. ബാങ്കിന്റെ മൊത്തം ബിസിനസ് 13.21 ശതമാനം വര്‍ധിച്ച് 496745 കോടി രൂപയിലെത്തി. മുന്‍വര്‍ഷം ഇതേ പാദത്തിൽ 239591 കോടി രൂപയായിരുന്ന നിക്ഷേപം 266375 കോടി രൂപയായി വര്‍ധിച്ചു.
വായ്പാ വിതരണത്തിലും ബാങ്കിന് മികച്ച വളർച്ച കൈവരിക്കാൻ സാധിച്ചു. ആകെ വായ്പ മുന്‍ വര്‍ഷത്തെ 199185 കോടി രൂപയില്‍ നിന്ന് 230370 കോടി രൂപയായി വര്‍ധിച്ചു. റീട്ടെയ്ൽ വായ്പകള്‍ 13ശതമാനം വര്‍ധിച്ച് 73499 കോടി രൂപയായി.
കാര്‍ഷിക വായ്പകള്‍ 27.91 ശതമാനം വര്‍ധിച്ച് 34074 കോടി രൂപയിലും വാണിജ്യ വായ്പകള്‍ 24.76 ശതമാനം വര്‍ധിച്ച് 25880 കോടി രൂപയിലും കോര്‍പറേറ്റ് വായ്പകള്‍ 7.62 ശതമാനം വര്‍ധിച്ച് 77465 കോടി രൂപയിലുമെത്തി. ബിസിനസ് ബാങ്കിംഗ് വായ്‌പകൾ 13.21 ശതമാനം വർദ്ധിച്ച് 18923 കോടി രൂപയായി.
അറ്റപലിശ വരുമാനവും ചരിത്രത്തിലെ ഏറ്റവുമുയർന്നതായി. 14.50 ശതമാനം വര്‍ധനവോടെ അറ്റപലിശ വരുമാനം 2431.34 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 2123.36 കോടി രൂപയായിരുന്നു. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും മികച്ച ആസ്തിഗുണമേന്മയാണ് ബാങ്ക് കൈവരിച്ചിരിക്കുന്നത്. 4553.31 കോടി രൂപയാണ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി. മൊത്തം വായ്പകളുടെ 1.95 ശതമാനമാണിത്. അറ്റ നിഷ്‌ക്രിയ ആസ്തി 1131.17 കോടി രൂപയാണ്. മൊത്തം വായ്പകളുടെ 0.49 ശതമാനമാണിത്. നീക്കിയിരുപ്പ് അനുപാതം 74 .21 ആണ്. ഈ പാദത്തോടെ ബാങ്കിന്റെ അറ്റമൂല്യം 32077.05 കോടി രൂപയായി വര്‍ധിച്ചു. 15.16 ശതമാനമാണ് മൂലധന പര്യാപ്തതാ അനുപാതം.