16 Jan 2023 12:28 PM GMT
Summary
ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ 3.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ച്ചയിലെ മികച്ച നേട്ടമായ 143.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 40 ശതമാനവും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 43 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ കേരളം ആസ്ഥാനമായുള്ള ഫെഡറല്‍ ബാങ്കിന് 54 ശതമാനം അറ്റാദായ വര്‍ധന. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 522 കോടി രൂപയില്‍ നിന്നും 804 കോടി രൂപയായാണ് അറ്റാദായം വര്‍ധിച്ചത്.
ബാങ്കിന്റെ അറ്റ പലിശ വരുമാനം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 27.14 ശതമാനം ഉയര്‍ന്ന് 1,956 കോടി രൂപയായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതേ കാലത്ത് അറ്റ പലിശ വരുമാനം 1,539 കോടി രൂപയായിരുന്നു. ബാങ്കിന്റെ മറ്റ് വരുമാനം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ 484 കോടി രൂപയില്‍ നിന്നും 10.29 ശതമാനം വര്‍ധിച്ച് 534 കോടി രൂപയായി.
ഫെഡറല്‍ ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ ( പലിശ ചെലവും വരവും തമ്മിലെ വ്യത്യാസം ) ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 3.49 ശതമാനം ഉയര്‍ന്നു. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 22 ബേസിസ് പോയിന്റും, പാദാടിസ്ഥാനത്തില്‍ 19 ബേസിസ് പോയിന്റുമാണ് വര്‍ധിച്ചത്. ബാങ്കിന്റെ വായ്പാ വളര്‍ച്ച പാദാടിസ്ഥാനത്തില്‍ 4.3 ശതമാനവും, വാര്‍ഷികാടിസ്ഥാനത്തില്‍ 17.1 ശതമാനവുമാണ്.
മൊത്ത നിഷ്‌ക്രിയ ആസ്തി മൂന്നാംപാദത്തില്‍ 4,148 കോടി രൂപയാണ്. ഇത് മൊത്തം വായ്പയുടെ 2.43 ശതമാനം വരും. നിഷ്‌ക്രിയ ആസ്തികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള പ്രൊവിഷന്‍ കവറേജ് റേഷ്യോ 83.44 ശതമാനമാണ്. ഡിസംബര്‍ പാദത്തിലെ ക്രെഡിറ്റ് കോസ്റ്റ് 0.38 ശതമാനവുമാണ്.
ബാങ്കിന്റെ വാണിജ്യ വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 18.40 ശതമാനം ഉയര്‍ന്ന് 16,794.70 കോടി രൂപയായി. കോര്‍പറേറ്റ് വായ്പകള്‍ ഡിസംബര്‍ പാദത്തില്‍ 62,182.66 കോടി രൂപയായി. ഇത് വാര്‍ഷികാടിസ്ഥാനത്തില്‍ 19.13 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ബാങ്കിന്റെ കാസ (കറന്റ് അക്കൗണ്ട് സേവിംഗ്സ് അക്കൗണ്ട്) നിക്ഷേപം 7.19 ശതമാനം വര്‍ധിച്ച് 68,967.14 കോടി രൂപയായി.
റീട്ടെയില്‍ വായ്പകള്‍ 53,936.45 കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഈ വായ്പകള്‍ 18.13 ശതമാനമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. കാര്‍ഷിക വായ്പകള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19.7 ശതമാനം വര്‍ധിച്ച് 22,050 കോടി രൂപയുമയി.
ഇന്ന് ഫെഡറല്‍ ബാങ്കിന്റെ ഓഹരികള്‍ 3.5 ശതമാനം ഉയര്‍ന്ന് 52 ആഴ്ച്ചയിലെ മികച്ച നേട്ടമായ 143.35 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികള്‍ കഴിഞ്ഞ ആറ് മാസത്തിനിടയില്‍ 40 ശതമാനവും, കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 43 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.