10 Feb 2024 7:36 AM GMT
Summary
- അറ്റാദായം 112 കോടി രൂപയിലെത്തി
- അറ്റപലിശ 597 കോടിയായി ഉയര്‍ന്നു
കഴിഞ്ഞ ഡിസംബറില്‍ അവസാനിച്ച മൂന്നാം പാദത്തില്‍ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായം മൂന്നിരട്ടി വര്‍ധിച്ച് 112 കോടി രൂപയിലെത്തി. കേരളം ആസ്ഥാനമായുള്ള ബാങ്ക് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ നേടിയ അറ്റാദായം 37 കോടി രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം 782 കോടി രൂപയായിരുന്ന മൊത്ത വരുമാനം ഡിസംബര്‍ പാദത്തില്‍ 1,094 കോടി രൂപയായി വര്‍ധിച്ചതായി ബാങ്ക് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പലിശ വരുമാനവും മുന്‍ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ 701 കോടിയില്‍ നിന്ന് 974 കോടി രൂപയായി മെച്ചപ്പെട്ടു.
അറ്റ പലിശ വരുമാനം മുന്‍വര്‍ഷത്തെ ഇതേ കാലയളവില്‍ 451 കോടി രൂപയില്‍ നിന്ന് 597 കോടി രൂപയായി ഉയര്‍ന്നു.
അസറ്റ് ക്വാളിറ്റിയുടെ കാര്യത്തില്‍, ബാങ്ക് 23 ഡിസംബര്‍ പാദത്തിലെ 7.24 ശതമാനത്തില്‍ നിന്ന് 4.16 ശതമാനമായി മൊത്ത എന്‍പിഎ (നോണ്‍ പെര്‍ഫോമിംഗ് അസറ്റുകള്‍) കുറഞ്ഞ് പുരോഗതി രേഖപ്പെടുത്തി. അതുപോലെ, അറ്റ നിഷ്‌ക്രിയ ആസ്തിയും മുന്‍വര്‍ഷത്തെ 3.73 ശതമാനത്തില്‍ നിന്ന് 2.19 ശതമാനമായി കുറഞ്ഞു.
ഒരു വര്‍ഷം മുമ്പ് 20.27 ശതമാനത്തില്‍ നിന്ന് ഡിസംബര്‍ പാദത്തില്‍ മൂലധന പര്യാപ്തത 21.03 ശതമാനമായി ഉയര്‍ന്നു.
'ഫീല്‍ഡ് തലത്തില്‍ മെച്ചപ്പെട്ട മേല്‍നോട്ടത്തിലൂടെ, സാധ്യതയുള്ള വെല്ലുവിളികള്‍ മുന്‍കൂട്ടി കൈകാര്യം ചെയ്യാനും പ്രവര്‍ത്തന കാര്യക്ഷമത കൂടുതല്‍ മെച്ചപ്പെടുത്താനുമാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ സംരംഭങ്ങള്‍ നടക്കുന്നതിനാല്‍, വരും പാദങ്ങളില്‍ മികച്ച പ്രകടനം കൈവരിക്കാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ട്,' ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ പോള്‍ തോമസ് പറഞ്ഞു.
24 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം ബിസിനസ് 38.3 ശതമാനം വര്‍ധിച്ച് 37,009 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 26,763 കോടി രൂപയായിരുന്നു.