15 Feb 2023 10:47 AM
ഐഷർ മോട്ടോർസ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം ഡിസംബർ പാദത്തിൽ 62.42 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 456.13 കോടി രൂപയിൽ നിന്ന് ഇത്തവണ 740.84 കോടി രൂപയായി. കമ്പനിയുടെ കൺസോളിഡേറ്റഡ് വരുമാനം 2,972.79 കോടി രൂപയിൽ നിന്ന് 3,913.32 കോടി രൂപയായി.
മൊത്ത ചെലവ് 2,415.79 കോടി രൂപയിൽ നിന്ന് 3,006.19 കോടി രൂപയായി. കമ്പനിയുടെ വാണിജ്യ വാഹനങ്ങൾക്കുള്ള സംയുക്ത സംരംഭമായ വോൾവോ ഐഷർ കൊമേർഷ്യൽ വെഹിക്കിൾ ഈ പാദത്തിൽ 18,162 വാഹനങ്ങൾ വിറ്റഴിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപെടുത്തിയതിനേക്കാൾ 13.2 ശതമാനത്തിന്റെ വർദ്ധന ഇത്തവണ ഉണ്ടായി.
കൂടാതെ ഡിസംബർ പാദത്തിൽ മാത്രം ഇരു ചക്ര വാഹനമായ റോയൽ എൻഫീൽഡിന്റെ 2,19,898 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ 1,67,664 യൂണിറ്റുകളാണ് വിറ്റു പോയത്. റോയൽ എൻഫീൽഡിന്റെ ഹണ്ടർ 350, സൂപ്പർ മെറ്റിയർ 650 എന്നി മോഡലുകൾ പുറത്തിറക്കിയിരുന്നുവെന്ന് കമ്പനിയുടെ മാനേജിങ് ഡയറക്ടർ സിദ്ധാർത്ഥ ലാൽ പറഞ്ഞു.
വാണിജ്യ വാഹനങ്ങളുടെ വില്പനയിൽ ഈ പാദത്തിൽ കമ്പനിക്ക് മികച്ച പ്രകടനം കാഴ്ച വക്കാൻ സാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബസുകൾ, ഹെവി ഡ്യൂട്ടി ട്രക്ക് എന്നിവയുടെ വിഭാഗത്തിൽ വിപണി വിഹിതം വര്ധിപ്പിക്കുന്നതിനും കഴിഞ്ഞു.