31 Jan 2024 9:48 AM GMT
Summary
- വരുമാനം 64.7 ശതമാനം ഉയർന്നു
- കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഓഹരികൾ 250% ഉയർന്നു
- റെക്കോർഡ് തീയതിയായി ഫെബ്രുവരി 12 നിശ്ചയിച്ചു
പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്എൽ) നടപ്പ് വർഷത്തെ മൂന്നാം പാദഫലം പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിൽ 244.4 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കൊച്ചിൻ ഷിപ്പ്‌യാർഡ് 110.4 കോടി രൂപയുടെ അറ്റ നഷ്ടമണ് രേഖപ്പെടുത്തിയത്.
കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിലെ 641.6 കോടി രൂപയിൽ നിന്ന് 64.7 ശതമാനം ഉയർന്ന് 1,056.4 കോടി രൂപയായി.
അഞ്ചു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 3.50 രൂപയുടെ രണ്ടാം ഇടക്കാല ലാഭവിഹിതം കമ്പനിയുടെ ബോർഡ് അംഗീകരിച്ചു. റെക്കോർഡ് തീയതിയായി 2024 ഫെബ്രുവരി 12 തിങ്കളാഴ്ച നിശ്ചയിക്കുകയും ചെയ്തു.
മികച്ച പാദഫലത്തെ തുടർന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ വിഭജനത്തിനു ശേഷമുള്ള എക്കാലത്തെയും ഉയർന്ന വിലയിലെത്തി. തുടക്ക വ്യാപാരം മുതൽ നേട്ടം നലകിയ ഓഹരികൾ ഉയർന്ന വിലയായ 945 രൂപ തൊട്ടു. നിലവിൽ ഓഹരികൾ എൻഎസ്ഇ യിൽ 2.65 ശതമാനം ഉയർന്ന് 901.90 രൂപയിൽ വ്യാപാരം തുടരുന്നു.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ, പൊതുമേഖലാ കമ്പനിയുടെ ഓഹരികൾ 250 ശതമാനത്തിലധികം ഉയർന്നു. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ ഉയർന്നത് 33 ശതമാനമാണ്.