13 Feb 2024 12:30 PM GMT
Summary
- കമ്പനിയുടെ വിപണി മൂലധനം ഡിസംബര്‍ പാദത്തില്‍ 2,31,719 കോടി രൂപയായിരുന്നു.
- കമ്പനിയുടെ എബിറ്റ്ഡ ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 32,451 കോടി രൂപയായി ഉയര്‍ന്നു.
- ചീഫ് ഫിനാന്‍സ് ഓഫീസറായി (സിഎഫ്ഒ) മുകേഷ് അഗര്‍വാളിനെ നിയമിച്ചു
ഡിസംബര്‍ പാദത്തിലെ ഉയര്‍ന്ന വില്‍പ്പന മൂലം കോള്‍ ഇന്ത്യയുടെ സംയോജിത അറ്റാദായം 16.9 ശതമാനം ഉയര്‍ന്ന് 9,069.19 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തില്‍ 7,755.55 കോടി രൂപയായിരുന്നു. നികുതി കിഴിച്ചുള്ള ലാഭം ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍് 18 ശതമാനം വര്‍ധനയോടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 9,094 കോടി രൂപയിലേക്ക് കുത്തനെ ഉയര്‍ന്നു.
കമ്പനിയുടെ സംയോജിത വില്‍പ്പന ഈ പാദത്തില്‍ 33,011.11 കോടി രൂപയായി ഉയര്‍ന്നു, മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 32,429.46 കോടി രൂപയായിരുന്നു. കൂടാതെ മൂന്നാം പാദത്തിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കോള്‍ ഇന്ത്യയുടെ സംയോജിത വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ 35,169.33 കോടി രൂപയില്‍ നിന്ന് 36,153.97 കോടി രൂപയായി വര്‍ധിച്ചു, 3 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്.
ഈ സാമ്പത്തിക വര്‍ഷം ഒരു ഓഹരിയൊന്നിന് 5.25 രൂപ എന്ന രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം കേമ്പനി ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. അതായത് മുഖവിലയുടെ 52.5 ശതമാനമാണിത്. ഇതോടെ ഇടക്കാല ലാഭവിഹിതം ഓഹരി ഒന്നിന് 20.50 രൂപയാണ്. അതായത് മുഖവിലയുടെ 205 ശതമാനം. കഴിഞ്ഞ വര്‍ഷത്തെ 180.06 മില്യണ്‍ ടണ്ണില്‍ നിന്ന് മൂന്നാം പാദത്തില്‍ കോള്‍ ഇന്ത്യയുടെ കല്‍ക്കരി ഉല്‍പ്പാദനം 11 ശതമാനം ഉയര്‍ന്ന് 199 മില്യണ്‍ ടണ്‍ ആയി.
കല്‍ക്കരി വിതരണം 9 ശതമാനം ഉയര്‍ന്ന് 191.30 മില്യണ്‍ ടണ്ണിലെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 175.81 മില്യണ്‍ ടണ്ണായിരുന്നു.