image

24 Jan 2024 9:21 AM GMT

Company Results

എൻപിഎ കുറഞ്ഞു; കനറാ ബാങ്ക് അറ്റാദായം 26.87% ഉയർന്ന് 3656 കോടി

MyFin Desk

canara banks net profit rose 26.87% to rs 3656 crore
X

Summary

  • ബാങ്കിന്റെ എൻപിഎ 4.39 ശതമാനമായി കുറഞ്ഞു
  • അറ്റ പലിശ വരുമാനം 9.50 ശതമാനം വർധിച്ചു
  • ഭവന വായ്പാ പോർട്ട്‌ഫോളിയോ 12.07 ശതമാനം ഉയർന്നു


പൊതുമേഖലാ സ്ഥപനമായ കനറാ ബാങ്ക് നടപ്പ് വർഷത്തെ ഒക്ടോബർ-ഡിസംബർ പാദഫലം പ്രഖ്യാപിച്ചു. മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം 26.87 ശതമാനം വർദ്ധനവോടെ 3656 കോടി രൂപയായി രേഖപ്പെടുത്തി. മുൻ സാമ്പത്തിക വർഷത്തിലെ സമാന പാദത്തിൽ അറ്റാദായം 2881.52 കോടി രൂപയായിരുന്നു.

ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) 4.39 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 5.89 ശതമാനമായിരുന്നു. ഈ പാദത്തിലെ അറ്റ എൻപിഎ മുൻ വർഷത്തെ 1.96 ശതമാനത്തിൽ നിന്ന് 1.32 ശതമാനമായി മെച്ചപ്പെട്ടു.

ബാങ്കിന്റെ അറ്റ പലിശ വരുമാനം 9.50 ശതമാനം വർധിച്ച് 9,417 കോടി രൂപയിലെത്തി. അറ്റ പലിശ മാർജിൻ 9 ബിപിഎസ് (ബേസിസ് പോയിന്റ്) മെച്ചപ്പെട്ട് 3.02 ശതമാനമായി. ആഗോള നിക്ഷേപം 12,62,930 കോടി രൂപയും ആഗോള അഡ്വാൻസ് (മൊത്തം) 9,50,430 കോടി രൂപയുമായി. 2023 ഡിസംബറിലെ കണക്കനുസരിച്ച് ആഗോള ബിസിനസ് മുൻ വർഷത്തെ അപേക്ഷിച്ച് 9.87 ശതമാനം ഉയർന്ന് 22,13,360 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.

കനറാ ബാങ്കിന്റെ റീട്ടെയിൽ ലെൻഡിംഗ് പോർട്ട്‌ഫോളിയോ 12.14 ശതമാനം വർധിച്ച് 1,53,640 കോടി രൂപയായി ഉയർന്നു. ഭവന വായ്പാ പോർട്ട്‌ഫോളിയോ 12.07 ശതമാനം വർധിച്ച് 91,800 കോടി രൂപയിലുമെത്തി. കൃഷിയിലേക്കും അനുബന്ധ പ്രവർത്തനങ്ങളിലേക്കുമുള്ള അഡ്വാൻസ് മുൻ വര്ഷത്തേക്കാളും 19.26 ശതമാനം ഉയർന്ന് 2,42,470 കോടി രൂപയായി.

മൂന്നാം പാദം വരെയുള്ള കണക്കനുസരിച്ച് ബാങ്കിന് 9585 ശാഖകളുണ്ട്. അതിൽ 3095 ഗ്രാമ പ്രദേശങ്ങളിലും 2742 അർദ്ധ നഗരങ്ങളിലും 1906 നഗരങ്ങളിലും1842 മെട്രോ പ്രദേശങ്ങളിലുമാണ്. ബാങ്കിന് 10463 എടിഎമ്മുകളുമുണ്ട്. ലണ്ടൻ, ന്യൂയോർക്ക്, ദുബായ് എന്നിവിടങ്ങളിൽ ബാങ്കിന് 3 വിദേശ ശാഖകളുണ്ട്.

നിലവിൽ കനറാ ബാങ്ക് ഓഹരികൾ എൻഎസ്ഇ യിൽ 0.84 ശതമാനം താഴ്ന്നു 452.05 രൂപയിൽ വ്യാപാരം തുടരുന്നു.