image

24 July 2023 10:36 AM

Company Results

75% അറ്റാദായ വളര്‍ച്ചയുമായി കാനറ ബാങ്ക്; ആസ്തി‍ നിലയും മെച്ചപ്പെട്ടു

MyFin Desk

canara bank with 75% net profit growth asset level has also improved
X

Summary

  • പലിശ വരുമാനത്തിലും മികച്ച വളര്‍ച്ച
  • ശമ്പള പരിഷ്കരണത്തിന് 344.69 കോടി രൂപ വകയിരുത്തി
  • മൂലധന പര്യാപ്തത ഉയര്‍ന്നു


പൊതുമേഖലയിലുള്ള കാനറ ബാങ്ക് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തില്‍ രേഖപ്പെടുത്തിയത് 75 ശതമാനം അറ്റാദായ വളര്‍ച്ച. ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വായ്പാ ദാതാവ് മുന്‍ വർഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ രേഖപ്പെടുത്തിയത് 2,022 കോടി രൂപയുടെ അറ്റാദായമാണെങ്കില്‍ ഈ വര്‍ഷം സമാന കാലയളവില്‍ അത് 3,535 കോടി രൂപയായി.

ആദ്യ പാദത്തിലെ മൊത്ത വരുമാനം 29,828 കോടി രൂപയിലേക്ക് ഉയർന്നു, മുൻ വർഷം ഇതേ കാലയളവിൽ ഇത് 23,352 കോടി രൂപയായിരുന്നുവെന്നും കാനറ ബാങ്ക് റെഗുലേറ്ററി ഫയലിംഗിൽ വ്യക്തമാക്കി. പലിശ വരുമാനം 2021 -22 ആദ്യ പാദത്തിലെ 18,177 കോടി രൂപയിൽ നിന്ന് അവലോകന പാദത്തിലേക്ക് എത്തുമ്പോള്‍ 25,004 കോടി രൂപയായി ഉയർന്നു.

മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) ഒരു വർഷം മുമ്പ് മൊത്തം വായ്പയുടെ 6.98 ശതമാനം ആയിരുന്നുവെങ്കില്‍ ഇക്കഴിഞ്ഞ ജൂൺ അവസാനത്തിൽ എത്തുമ്പോള്‍ മൊത്തം വായ്പയുടെ 5.15 ശതമാനമായി കുറഞ്ഞു. അതുപോലെ, അറ്റ ​​നിഷ്‌ക്രിയ ആസ്തി 1.57 ശതമാനമായി കുറഞ്ഞു, മുൻ വർഷം ഇതേ കാലയളവില്‍ ഇത് 2.48 ശതമാനമായിരുന്നു.

ആസ്തി നിലവാരം മെച്ചപ്പെട്ടതിന്‍റെ ഫലമായി കിട്ടാക്കടത്തിനായുള്ള വകയിരുത്തൽ അഥവാ പ്രൊവിഷനിംഗ് ഒരു വർഷം മുമ്പ് ഇതേ പാദത്തിൽ ഉണ്ടായിരുന്ന 2,673 കോടിരൂപയിൽ നിന്ന് 2,418 കോടി രൂപയായി കുറഞ്ഞു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം 2022 ജൂൺ അവസാനത്തെ 14.91 ശതമാനത്തിൽ നിന്ന് 16.24 ശതമാനമായി വർധിച്ചു. വേതന പരിഷ്കരണം സംബന്ധിച്ച് തൊഴിലാളികളുമായുള്ള നിര്‍ദിഷ്ട ഉഭയകക്ഷി കരാര്‍ നടപ്പിലാക്കുന്നതിനായി 344.69 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 2022 നവംബർ മുതൽ ശമ്പള പരിഷ്കരണം മുടങ്ങിക്കിടക്കുകയാണ്.