28 Oct 2023 3:51 PM IST
Summary
മുന്‍വർഷമിതേ കാലയളവിൽ 338 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു
പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (ബിപിസിഎൽ) നടപ്പ് സാമ്പത്തിക വർഷം ജൂലൈ-സെപ്റ്റംബർ പാദത്തിൽ 8,244 കോടിയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. മുന്‍വർഷമിതേ കാലയളവിൽ 338 കോടി രൂപയുടെ അറ്റ നഷ്ടമായിരുന്നു. കമ്പനി ആദ്യ പാദത്തിൽ 10,644 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയിരുന്നു. ബിപിസിഎല്ലിന്റെ സംയോജിത വരുമാനം ജൂലൈ-സെപ്റ്റംബറില്‍ 9% കുറഞ്ഞ് 1.17 ലക്ഷം കോടി രൂപയായി.
2023 സെപ്തംബർ 30-ന് അവസാനിച്ച അർദ്ധ വർഷത്തേക്ക് കമ്പനിയുടെ ശരാശരി മൊത്ത റിഫൈനിംഗ് മാർജിൻ (ജിആർഎം) ബാരലിന് 15.42 ഡോളർ ആയിരുന്നു. മുൻ വർഷം ഇതേ കാലയളവിൽ ബാരലിന് 22.30 ഡോളർ.
കഴിഞ്ഞ വർഷം, റഷ്യ-യുക്രെയ്ൻ യുദ്ധത്തെത്തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ ഉയർന്ന ക്രൂഡ് വിലയിൽ ഇറക്കുമതി ചെയ്തിരുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്ത് കൂടുതൽ പണപ്പെരുപ്പ് സമ്മർദം ഉണ്ടാകാതിരിക്കാനും മഹാമാരിയിൽ നിന്ന് സുസ്ഥിരമായ സാമ്പത്തിക വീണ്ടെടുക്കൽ ഉറപ്പാക്കാനും കമ്പനികൾക്ക് റീട്ടെയിൽ ഇന്ധന വില മരവിപ്പിക്കേണ്ടി വന്നിരുന്നു.