9 Nov 2023 7:14 AM GMT
Summary
- ബാങ്കിന്റെ മൊത്ത ആഭ്യന്തര വായ്പ 23.55% ഉയർന്നു
- ഡിപ്പോസിറ്റ് 22.18 ശതമാനം വർധിച്ചു
- നഷ്ടത്തിൽ ഹാരിസൺ മലയാളം
കൊച്ചി: 2023 ജൂലൈ- സെപ്റ്റംബര്‍ കാലയളവില്‍ ബാങ്ക് മഹാരാഷ്ട്ര ഡിപ്പോസിറ്റ്, വായ്പ എന്നിവയില്‍ ഇരുപതു ശതമാനത്തിലധികം വളര്‍ച്ച നേടി. പൊതുമേഖല ബാങ്കുകളില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചയാണിതെന്ന് ബാങ്ക് അവകാശപ്പെട്ടു.
സെപ്റ്റംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ ബാങ്കിന്റെ മൊത്ത ആഭ്യന്തര അഡ്വാന്‍സ് 23.55 ശതമാനം വളര്‍ച്ചാ നിരക്കോടെ 1,83,122 കോടി രൂപയായി ഉയര്‍ന്നു. റിപ്പോര്‍ട്ടിംഗ് കാലയളവില്‍ ഡിപ്പോസിറ്റ് 22.18 ശതമാനം വളര്‍ച്ചയോടെ 2,39,298 കോടി രൂപയിലെത്തി.
കുറഞ്ഞ നിരക്കിലുള്ള കറന്റ് അക്കൗണ്ടും സേവിംഗ്സ് അക്കൗണ്ടും (കാസ) നിക്ഷേപം നേടുന്നതില്‍ ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒന്നാം സ്ഥാനം നിലനിര്‍ത്തി 50.71 ശതമാനം.
നിക്ഷേപം, അഡ്വാന്‍സ്, മൊത്തം ബിസിനസ്സ് എന്നിവയുടെ കാര്യത്തില്‍ തങ്ങള്‍, പൊതുമേഖലാ ബാങ്കുകളില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതായും ബാങ്ക് ഓഫ് മഹാരാഷ്ട്ര അവകാശപ്പെട്ടു. ആദ്യ പാദത്തിലും ഏകദേശം 25 ശതമാനം വളര്‍ച്ച പൂന ആസ്ഥാനായി പ്രവര്‍ത്തിക്കുന്ന ബാങ്ക് നേടിയിരുന്നു.
ഹാരിസൺ മലയാളം:
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹാരിസൺ മലയാളം നടപ്പ് വർഷത്തെ രണ്ടാം പാദത്തിൽ 4.6 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ കമ്പനി 6.7 കോടി രൂപയുടെ ലാഭത്തിലായിരുന്നു. ആദ്യപാദത്തിൽ 2.4 കോടി രൂപയുടെ നഷ്ടം കമ്പനി കാണിച്ചിരുന്നു.
സെപ്റ്റംബർ പാദത്തിൽ കമ്പനി 123.25 കോടി രൂപയുടെ വരുമാനം രേഖപ്പെടുത്തി. മുൻ വർഷം ഇതേ കാലയളവിൽ 129.94 കോടി രൂപയായിരുന്നു. ആദ്യ പാദത്തിൽ 98 കോടി രൂപയുടെ വരുമാനമാണ് കമ്പനി രേഖപ്പെടുത്തിയത്.
കമ്പനിയുടെ ഈ കാലയളവിലെ മൊത്തം വിറ്റുവരവ് 121.73 കോടി രൂപയാണ്. ഇതിൽ 50.93 കോടി രൂപയുടെ തേയിലയും 70.60 കോടി രൂപയുടെ റബ്ബറും വിറ്റു. മറ്റു വരുമാനമാണ് 19.38 ലക്ഷം രൂപ.