25 Oct 2023 5:38 PM GMT
ആക്‌സിസ് ബാങ്കിന്റെ അറ്റാദാ൦ 10% വർധിച്ചു 5,863 കോടി , അറ്റ പലിശ വരുമാനം 19% ഉയര്‍ന്നു
MyFin Desk
സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദാ൦ 10 ശതമാനം വർധിച്ചു 5,863 കോടി രൂപയായി.
അറ്റ പലിശ വരുമാനം അവലോകന പാദത്തില്‍ 19 ശതമാനം വാര്‍ഷിക വളര്‍ച്ച നേടി 12,314 കോടി രൂപയിലേക്കുമെത്തി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ അറ്റ പലിശ വരുമാനം 10,360 കോടി രൂപയായിരുന്നു.
അറ്റ പലിശ മാര്‍ജിന്‍ 4.11 ശതമാനമായും ഉയര്‍ന്നു. ബാങ്കിന്റെ പ്രവര്‍ത്തന ലാഭം വാര്‍ഷികാടിസ്ഥാനത്തില്‍ 12 ശതമാനം ഉയര്‍ന്ന് 8,632 കോടി രൂപയായി. ഫീസ് ഇനത്തിലുള്ള വരുമാനം 31 ശതമാനം വര്‍ധിച്ച് 4,963 കോടി രൂപയായി. റീട്ടെയില്‍ ഫീസ് ഇനത്തിലെ വര്‍ധന 38 ശതമാനമാണ്.
ആക്‌സിസ് ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി നില വാര്‍ഷികാടിസ്ഥാനത്തിലും പാദാടിസ്ഥാനത്തിലും മെച്ചപ്പെട്ട് 1.73 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി സെപ്റ്റംബര്‍ പാദത്തില്‍ 0.36 ശതമാനം താഴ്ന്നു.
രണ്ടാം പാദത്തിലെ അടിയന്തര ആവശ്യങ്ങള്‍ക്കായി നീക്കിവെച്ച തുക 815 കോടി രൂപയാണ്. മൊത്തം നിക്ഷേപം 18 ശതമാനം ഉയര്‍ന്നു. സേവിംഗ്‌സ് അക്കൗണ്ടിലെ നിക്ഷേപം 16 ശതമാനവും ഉയര്‍ന്നു. കറന്റ് അക്കൗണ്ട് ഡെപ്പോസിറ്റ് ഏഴ് ശതമാനവും വര്‍ധിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ മൊത്തം ടേം ഡെപ്പോസിറ്റിലെ വര്‍ധന 22 ശതമാനമാണ്.
വായ്പകളുടെ കാര്യത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 23 ശതമാനം വര്‍ധനയോടെ 8.97 ലക്ഷം കോടിയുട രൂപയുടെ വായ്പകളാണ് സെപ്റ്റംബര്‍ 30 വരെ നല്‍കിയത്. ആഭ്യന്തര അറ്റ വായ്പകള്‍ 26 ശതമാനം വര്‍ധന നേടി. റീട്ടെയില്‍ വായ്പകള്‍ 23 ശതമാനവും.
ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ആക്‌സിസ് ബാങ്ക് 207 ശാഖകള്‍ തുറന്നു. ഇതോടെ 5,152 ശാഖകള്‍ 2,864 നഗരങ്ങളിലായി ബാങ്കിനുണ്ട്. ബുധനാഴ്ച്ച ആക്‌സിസ് ബാങ്ക് ഓഹരികള്‍ 0.77 ശതമാനം താഴ്ച്ചയോടെ 956.85 രൂപയിലാണ് എന്‍എസ്ഇയില്‍ വ്യാപാരം അവസാനിപ്പിച്ചത്.