23 Jan 2024 2:15 PM GMT
Summary
- മൊത്തം നിഷ്‌ക്രിയ ആസ്തി 1.58 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു.
- ബാങ്കിന്റെ ഫീസ് ഇനത്തിലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം ഉയര്‍ന്നു.
- റീട്ടെയില്‍ കാര്‍ഡ്, പേയ്‌മെന്റ് ഫീസ് എന്നിവ വാര്‍ഷികാടിസ്ഥാനത്തില്‍ 52 ശതമാനവും 10 ശതമാനവും ഉയര്‍ന്നു.
ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ആക്‌സിസ് ബാങ്കിന്റെ അറ്റാദായത്തില്‍ നാല് ശതമാനം വര്‍ധന. ഇതോടെ ബാങ്കിന്റെ അറ്റാദായം മുന്‍ വര്‍ഷത്തെ 5,853.07 കോടി രൂപയില്‍ നിന്നും 6,071.10 കോടി രൂപയിലേക്കുയര്‍ന്നു. അറ്റ പലിശ വരുമാനം ഒമ്പത് ശതമാനം ഉയര്‍ന്ന് 12,532 കോടി രൂപയായി.
മൊത്തം നിഷ്‌ക്രിയ ആസ്തി സെപ്റ്റംബറിലെ 1.73 ശതമാനത്തില്‍ നിന്നും 1.58 ശതമാനത്തിലേക്ക് മെച്ചപ്പെട്ടു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 2.38 ശതമാനമായിരുന്നു. ഈ പാദത്തിലെ പ്രൊവിഷനിംഗ് 1,028.34 കോടി രൂപയാണ്. മുന്‍ പാദത്തില്‍ ഇത് 814.56 കോടി രൂപയും. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 1,437.73 കോടി രൂപയുമായിരുന്നു.
ബാങ്കിന്റെ മൊത്തം നഷ്ടം സെപ്റ്റംബര്‍ പാദത്തിലെ 3,254 കോടി രൂപയില്‍ നിന്നും 3,715 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 3,807 കോടി രൂപയായിരുന്നു നഷ്ടം. ഡിസംബര്‍ പാദത്തില്‍ നിഷ്‌ക്രിയ ആസ്തിയുടെ മെച്ചപ്പെടലും റിക്കവറിയും 2,598 കോടി രൂപയാണ്. ബാങ്ക് കോവിഡ് പ്രൊവിഷനിംഗ് ഈ പാദത്തില്‍ ഉപയോഗിച്ചിരുന്നില്ല.
ബാങ്കിന്റെ ഫീസ് ഇനത്തിലുള്ള വരുമാനം വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം ഉയര്‍ന്നു. പാദാടിസ്ഥാനത്തില്‍ നാല് ശതമാനം ഉയര്‍ന്ന് 5,170 കോടി രൂപയായി. റീട്ടെയില്‍ ഫീസ് വാര്‍ഷികാടിസ്ഥാനത്തില്‍ 36 ശതമാനം ഉയര്‍ന്നു. പാദാടിസ്ഥാനത്തില്‍ ആറ് ശതമാനവും ഉയര്‍ന്നു. റീട്ടെയില്‍ കാര്‍ഡ്, പേയ്‌മെന്റ് ഫീസ് വാര്‍ഷികാടിസ്ഥാനത്തില്‍ 52 ശതമാനവും വാര്‍ഷികാടിസ്ഥാനത്തില്‍ 10 ശതമാനവും ഉയര്‍ന്നുവെന്ന് ബിഎസ്ഇയിലെ ഫയലിംഗില്‍ വ്യക്തമാക്കുന്നു.