image

13 July 2023 9:50 AM GMT

Company Results

അറ്റാദായം 29% ഉയര്‍ന്നു; ഫെഡറല്‍ ബാങ്ക് ഓഹരിക്ക് 5% വീഴ്ച

MyFin Desk

net profit rose 29% federal bank shares fall 5%
X

Summary

  • അറ്റ പലിശ വരുമാനത്തില്‍ 20% ഉയര്‍ച്ച
  • മൊത്തം വായ്പയുടെ മൂല്യത്തില്‍ 20.9 % വളര്‍ച്ച
  • ആസ്തി നിലവാരം മെച്ചപ്പെട്ടു


2023-24 ആദ്യ പാദത്തിൽ തങ്ങളുടെ അറ്റാദായം 29 ശതമാനം വർധിച്ച് 854 കോടി രൂപയില്‍ എത്തിയതായി ഫെഡറൽ ബാങ്ക് റിപ്പോർട്ട് ചെയ്തു. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 661 കോടി രൂപ അറ്റാദായമാണ് നേടിയിരുന്നത്. മൊത്തം വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 4,081 കോടി രൂപയിൽ നിന്ന് 5,757 കോടി രൂപയായി ഉയർന്നതായും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്ക് വ്യക്തമാക്കുന്നു.

മുന്‍ വര്‍ഷം ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ബാങ്കിന് ലഭിച്ച പലിശ 3,629 കോടി രൂപയായിരുന്നുവെങ്കില്‍ ഈ വര്‍ഷം ജൂണ്‍ പാദത്തിലത് 5,025 കോടി രൂപയായി ഉയർന്നു. മൊത്ത നിഷ്‌ക്രിയ ആസ്തികൾ (എൻപിഎ) 2.38 ശതമാനമായി കുറഞ്ഞു. 2022 ജൂണിലെ കണക്കുപ്രകാരം 2.69 ശതമാനമായിരുന്നു മൊത്തം എന്‍പിഎ. അറ്റ നിഷ്‌ക്രിയ ആസ്തി അല്ലെങ്കിൽ കിട്ടാക്കടം ഒരു വർഷം മുമ്പുണ്ടായിരുന്ന 0.94 ശതമാനത്തിൽ നിന്ന് 0.69 ശതമാനമായി കുറഞ്ഞു. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം ഒരു വർഷം മുമ്പ് ഇതേ പാദത്തിലുണ്ടായിരുന്ന 14.57 ശതമാനത്തിൽ നിന്ന് 14.28 ശതമാനമായി കുറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 1,604.50 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ പാദത്തിലെ അറ്റ ​​പലിശ വരുമാനം (NII) 19.6 ശതമാനം ഉയർന്ന് 1,918 കോടി രൂപയായി. ജൂണ്‍ പാദത്തിൽ 155.58 കോടി രൂപയുടെ വകയിരുത്തലാണ് (പ്രൊവിഷന്‍സ്) ഉണ്ടായതെന്ന് ഫെഡറൽ ബാങ്ക് അറിയിച്ചു. മാർച്ചിൽ 116.66 കോടി രൂപയും മുൻവർഷം സമാന പാദത്തിൽ 166.68 കോടി രൂപയുമാണ് വകയിരുത്തല്‍ നടത്തിയിരുന്നത്.

മൊത്തം വായ്പ ജൂൺ 30ലെ കണക്കുപ്രകാരം, 20.9 ശതമാനം വാര്‍ഷിക വര്‍ധനയോടെ 1,86,593 കോടി രൂപയായി. ബാങ്കിന്‍റെ വര്‍ഗീകരണം അനുസരിച്ച് റീട്ടെയിൽ ക്രെഡിറ്റ് ബുക്കില്‍ 20.2 ശതമാനവും വോള്‍സെയില്‍ ക്രെഡിറ്റ് ബുക്കിൽ 21.6 ശതമാനവും വളർച്ചയുണ്ടായി.

ഫെഡറല്‍ ബാങ്ക് ഓഹരികള്‍ ഇരു ഓഹരി വിപണി സൂചികകളിലും ഇന്ന് പൊതുവില്‍ ഇടിവാണ് പ്രകടമാക്കുന്നത്. ഉച്ചയ്ക്ക് 3.03 മണിക്കുള്ള വിവരം അനുസരിച്ച് 5.47 ശതമാനം അഥവാ 7.55 പോയിന്‍റിന്‍റെ ഇടിവോടെ 126.70 രൂപയിലാണ് സെന്‍സെക്സില്‍ ഫെഡറല്‍ ബാങ്ക് ഓഹരികളുടെ വില്‍പ്പന നടക്കുന്നത്. നിഫ്റ്റിയില്‍ 5.70 ശതമാനം അഥവാ 7.65 പോയിന്‍റിന്‍റെ ഇടിവോടെ 126.60 രൂപയില്‍ വില്‍പ്പന നടക്കുന്നു.