17 Jan 2024 1:37 PM GMT
Summary
- അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് നേട്ടത്തിനു കാരണം.
- ഏഷ്യന്‍ പെയിന്റ്‌സും യുഎസ് ആസ്ഥാനമായുള്ള പിപിജി ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ് എപിപിജി.
- രണ്ട് വര്‍ഷത്തേക്ക് സ്വതന്ത്ര ഡയറക്ടറായി പലവി ഷ്രോഫിനെ വീണ്ടും നിയമിച്ചു
പ്രമുഖ പെയിന്റ് നിര്‍മാതാക്കളായ ഏഷ്യന്‍ പെയിന്റിസിന്റെ അറ്റാദായം ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 34.46 ശതമാനം ഉയര്‍ന്ന് 1,475.16 കോടി രൂപയായി. അസംസ്‌കൃത വസ്തുക്കളുടെ വിലയിലുണ്ടായ കുറവും ക്ഷമത മെച്ചപ്പെടുത്തിയതുമാണ് നേട്ടത്തിനു കാരണം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ കമ്പനിയുടെ അറ്റാദായം 1,097.06 കോടി രൂപയായിരുന്നു.
അവലോകന പാദത്തില്‍ കമ്പനിയുടെ വരുമാനം 5.4 ശതമാനം ഉയര്‍ന്ന് 9,103.09ലകോടി രൂപയായി. മുന്‍ വര്‍ഷം ഇത് 8,636.74 കോടി രൂപയായിരുന്നു.കമ്പനിയുടെ പിബിഡിഐടി 27.6 ശതമാനം ഉയര്‍ന്ന് 1,611.4 കോടി രൂപയില്‍ നിന്നും 2,056.1 കോടി രൂപയായി. ഏഷ്യന്‍ പെയിന്റ്‌സിന്റെ മൊത്തം ചെലവ് ഡിസംബര്‍ പാദത്തില്‍ 7,321.77 കോടി രൂപയായി ഉയര്‍ന്നു.
മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള വരുമാനം ഉള്‍പ്പെടെ മൊത്തം വരുമാനം ഡിസംബര്‍ പാദത്തില്‍ 5.94 ശതമാനം ഉയര്‍ന്ന് 9,241.67 കോടി രൂപയായി. ' ഉത്സവ സീസണ്‍ വളര്‍ച്ചയെ പിന്തുണച്ചു, എന്നിരുന്നാലും പാദത്തിന്റെ അവസാനത്തില്‍ ഡിമാന്‍ഡില്‍ ചില ഇടിവ് കണ്ടു. ഞങ്ങളുടെ ഓട്ടോ ഒഇഎം, പൊതു വ്യാവസായിക കോട്ടിംഗ് ബിസിനസുകള്‍ ശക്തമായ വരുമാന വളര്‍ച്ചയും നല്ല ലാഭ മാര്‍ജിനും നേടി, 'ഏഷ്യന്‍ പെയിന്റ്‌സ് ഡയറക്ടറും സിഇഒയുമായ അമിത് സിങ്‌ലെ പറഞ്ഞു.
ദക്ഷിണേഷ്യയിലെയും ഈജിപ്തിലെയും പ്രധാന വിപണികളിലെ മാക്രോ-ഇക്കണോമിക് പ്രതിസന്ധികളുടെയും പണപ്പെരുപ്പത്തിന്റെയും പശ്ചാത്തലത്തില്‍ ഈ പാദത്തില്‍ ഏഷ്യന്‍ പെയിന്റ്‌സിന്റെ അന്താരാഷ്ട്ര ബിസിനസില്‍ നിന്നുള്ള വരുമാനം 779.1 കോടി രൂപയായിരുന്നു. വ്യാവസായിക ബിസിനസില്‍ ഇരട്ട അക്ക വരുമാന വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്തു.
ഏഷ്യന്‍ പെയിന്റ്‌സ് പിപിജി പ്രൈവറ്റ് ലിമിറ്റഡ് ഏഷ്യന്‍ പെയിന്റ്‌സിന്റെ വില്‍പ്പന ഡിസംബര്‍ പാദത്തില്‍ 10.1 ശതമാനം ഉയര്‍ന്ന് 288 കോടി രൂപയായി. ഏഷ്യന്‍ പെയിന്റ്‌സും യുഎസ് ആസ്ഥാനമായുള്ള പിപിജി ഇന്‍ഡസ്ട്രീസ് ഇന്‍കോര്‍പ്പറേഷനും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ് പ്രൊട്ടക്റ്റീവ്, പെര്‍ഫോമന്‍സ്, പൗഡര്‍ കോട്ടിംഗ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എപിപിജി.
പിപിജിഎപി വില്‍പ്പനയില്‍ നിന്നുള്ള വരുമാനം ഡിസംബറില്‍ 12.3 ശതമാനം ഉയര്‍ന്ന് 576.2 കോടി രൂപയായി. നികുതിക്ക് മുമ്പുള്ള ലാഭം 2024 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 128.0 കോടി രൂപയായിരുന്നു.
അതേസമയം, 2024 ഏപ്രില്‍ ഒന്നു മുതല്‍ രണ്ട് വര്‍ഷത്തേക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വതന്ത്ര ഡയറക്ടറായി പലവി ഷ്രോഫിനെ വീണ്ടും നിയമിക്കാന്‍ ബോര്‍ഡ് അംഗീകാരം നല്‍കി. ഏഷ്യന്‍ പെയിന്റ്‌സിന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ 1.67 ശതമാനം ഇടിഞ്ഞ് 3,242.30 രൂപയിലെത്തിയിരുന്നു.