image

25 July 2023 4:00 PM IST

Company Results

ഏഷ്യന്‍ പെയിന്‍റ്സിന്‍റെ വില്‍പ്പന വരുമാനത്തില്‍ 6.7% മാത്രം വളര്‍ച്ച

MyFin Desk

asian paints saw only 6.7% growth in sales revenue
X

Summary

  • ഡെക്കറേറ്റിവ് ബിസിനസ്സിലെ വില്‍പ്പന അളവില്‍ ഇരട്ടയക്ക വളര്‍ച്ച
  • സംയോജിത അറ്റാദായം 52.5 ശതമാനം ഉയര്‍ന്നു
  • അന്താരാഷ്ട്ര വില്‍പ്പന വരുമാനത്തില്‍ ഇടിവ്


നടപ്പു സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ഏഷ്യന്‍ പെയിന്‍റ്സിന്‍റെ സംയോജിത അറ്റാദായം 52.5 ശതമാനം വർധിച്ച് 1,550.40 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ 1,016.9 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 8,578.90 കോടി രൂപയിൽ നിന്ന് വില്‍പ്പന വരുമാനം 6.7 ശതമാനം വർധിച്ച് 9,153.80 കോടി രൂപയിലെത്തിയെന്നും പെയിന്‍റ് നിര്‍മാണ മേഖലയിലെ പ്രമുഖ കമ്പനി തങ്ങളുടെ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

ഏകീകൃത പിബിഡിഐടി (നികുതിയും പലിശയും മറ്റ് തേയ്മാന ചെലവുകളും കുറയ്ക്കുന്നതിന് മുമ്പുള്ള ലാഭം) മാർജിൻ 510 ബേസിസ് പോയിന്റ് വര്‍ധിച്ച് 23.2 ശതമാനത്തിലേക്ക് എത്തി. കമ്പനിയുടെ ഡെക്കറേറ്റിവ് ബിസിനസ്സ് വില്‍പ്പന അളവില്‍ ഇരട്ട അക്ക വളർച്ചയും താരതമ്യേന ആരോഗ്യകരമായ മൂല്യ വളർച്ചയും രേഖപ്പെടുത്തിയതായി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അമിത് സിംഗിൾ പറഞ്ഞു. മുൻവർഷത്തെ ഉയർന്ന അടിത്തറയില്‍ നിന്നാണ് ഈ വളര്‍ച്ച എന്നത് ശ്രദ്ധിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവർത്തനങ്ങളിൽ നിന്നുള്ള ഏകീകൃത വരുമാനം 7 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 9,182.31 കോടി രൂപയായി. പ്രവർത്തന ലാഭം വർഷം തോറും 36.3% വർധിച്ച് 2,121.3 കോടി രൂപയിലെത്തി. തൽഫലമായി, പ്രവർത്തന മാർജിൻ ഒരു വർഷം മുമ്പ് സമാനപാദത്തിലുണ്ടായിരുന്ന 18.1% ൽ നിന്നും മുന്‍ പാദത്തിലെ 21.3%ല്‍ നിന്നും 23.2% ആയി ഉയര്‍ന്നു.

ഏഷ്യയിലെയും ആഫ്രിക്കയിലെയും പ്രധാന വിപണികളിലെ സാമ്പത്തിക അനിശ്ചിതത്വം, വിദേശനാണ്യ വിനിമയത്തിലെ പ്രതിസന്ധി, പണലഭ്യത പ്രശ്നങ്ങൾ എന്നിവ കാരണം അന്താരാഷ്ട്ര ബിസിനസ്സിലെ വിൽപ്പന 1.4% കുറഞ്ഞ് 695 കോടി രൂപയായി. സ്ഥിരമായ കറൻസി മൂല്യത്തിന്‍റെ വിൽപ്പന ഏകദേശം 4% വർദ്ധിച്ചു.

ബാത്ത് ഫിറ്റിംഗ്സ് ബിസിനസ്സിലെ വിൽപ്പന വരുമാനം 28% ഇടിവ് രേഖപ്പെടുത്തി 84.7 കോടി രൂപയിലെത്തി. വിലവര്‍ധന മൂലം കഴിഞ്ഞ വര്‍ഷം സൃഷ്ടിക്കപ്പെട്ട ഉയർന്ന അടിത്തറയാണ് ഈ ഇടിവില്‍ പ്രതിഫലിക്കുന്നത്. ഒരു വർഷം മുമ്പ് സമാന പാദത്തില്‍ 4.2 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയിരുന്നത് എങ്കില്‍ 0.8 കോടി രൂപയുടെ പ്രവർത്തന നഷ്ടമാണ് ഈ വിഭാഗം ഇക്കഴിഞ്ഞ ആദ്യ പാദത്തില്‍ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ വർഷത്തെ ഉയർന്ന അടിത്തറയുടെ പിൻബലത്തിൽ, കിച്ചണ്‍ ബിസിനസിന്‍റെ വിൽപ്പന വരുമാനവും 12% ഇടിഞ്ഞ് 96 കോടി രൂപയായി. എന്നാൽ 0.7 കോടി ലാഭം രേഖപ്പെടുത്തി ഈ ബിസിനസ് ബ്രേക്ക് ഈവന്‍ തലത്തിലേക്കെത്തി. ഒരു വർഷം മുമ്പ് 4 കോടി രൂപയുടെ നഷ്ടമാണ് ഈ വിഭാഗം രേഖപ്പെടുത്തിയിരുന്നത്.