8 Aug 2023 4:33 PM IST
Summary
- വരുമാനം ഉയര്‍ന്നു ചെലവ് കുറഞ്ഞു
- ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് എപിഎസ്ഇഇസെഡ്
ഏപ്രിൽ-ജൂൺ പാദത്തിൽ ഏകീകൃത അറ്റാദായം 80 ശതമാനത്തിലധികം ഉയർന്ന് 2,119.38 കോടി രൂപയിലെത്തിയെന്ന് അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡ് (എപിഎസ്ഇഇസെഡ്). വരുമാനത്തിലെ ഉയര്‍ച്ചയാണ് പ്രധാനമായും ലാഭത്തില്‍ പ്രതിഫലിക്കുന്നത്.മുന്‍ വര്‍ഷം സമാന പാദത്തില്‍ കമ്പനി 1,177.46 കോടി രൂപ അറ്റാദായം നേടിയിരുന്നതായി റെഗുലേറ്ററി ഫയലിംഗിൽ കമ്പനി അറിയിച്ചു.
കമ്പനിയുടെ മൊത്തവരുമാനം മുൻ വർഷം ഇതേ പാദത്തിലെ 5,526.19 കോടി രൂപയിൽ നിന്ന് 6,631.23 കോടി രൂപയായി ഉയർന്നു. ചെലവ് 4,438.32 കോടിയിൽ നിന്ന് 4,065.24 കോടിയായി കുറഞ്ഞു.
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ തുറമുഖ ഓപ്പറേറ്ററാണ് എപിഎസ്ഇഇസെഡ്, രാജ്യത്തെ തുറമുഖങ്ങളിലൂടെയുള്ള ചരക്ക് നീക്കത്തിന്റെ നാലിലൊന്ന് ഭാഗവും കമ്പനിയുടെ വിഹിതമാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കേരളം, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഒഡീഷ എന്നിങ്ങനെ ഏഴ് സംസ്ഥാനങ്ങളിലായി 13 ആഭ്യന്തര തുറമുഖങ്ങളിൽ കമ്പനി പ്രവര്‍ത്തിക്കുന്നു.
എന്‍എസ്ഇ-യില്‍ അദാനി പോര്‍ട്‍സിന്‍റെ ഓഹരികള്‍ 1.06 ശതമാനം ഇടിവോടെ 783 രൂപയിലേക്ക് എത്തിയാണ് വ്യാപാരം അവസാനിപ്പിച്ചത്.