14 Feb 2023 10:57 AM GMT
Summary
കമ്പനിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായത്തിൽ 847 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്
മുംബൈ: ഏറെ വിവാദങ്ങൾക്കിടയിലും അദാനി എന്റർ പ്രൈസസ് മികച്ച ത്രൈമാസ ഫലങ്ങളാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. കമ്പനിയുടെ കൺസോളിഡേറ്റഡ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 716 ശതമാനമാണ് വർധിച്ചത്. കഴിഞ്ഞ വർഷം 11.63 കോടി രൂപ അറ്റാദായം റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ ഇത് 820 കോടി രൂപയായി ഉയർന്നു. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 42 ശതമാനം വർധിച്ച് 26,612.23 കോടി രൂപയായി.
കമ്പനിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായത്തിൽ 847 ശതമാനത്തിന്റെ വർധനവാണുണ്ടായിട്ടുള്ളത്. മുൻ വർഷം ഡിസംബർ പാദത്തിൽ 36.46 കോടി രൂപയുടെ സ്റ്റാൻഡ് എലോൺ അറ്റനഷ്ടം റിപ്പോർട്ട് ചെയ്തപ്പോൾ ഇത്തവണ ലാഭം 269.71 കോടി രൂപയായി.
എന്നാൽ തൊട്ട് മുൻപുള്ള സെപ്റ്റംബർ പാദത്തിൽ കമ്പനിയുടെ സ്റ്റാൻഡ് എലോൺ അറ്റാദായം 469.20 കോടി രൂപയായിരുന്നു. വരുമാനം 12,145.15 കോടി രൂപയായിരുന്നു.
എബിറ്റെട 101 ശതമാനം ഉയർന്ന് 1968 കോടി രൂപയായി.
മികച്ച ഭരണ നിർവഹണ പ്രവർത്തനങ്ങൾ, കൃത്യമായ നിയന്ത്രണങ്ങൾ, സുസ്ഥിരമായ പ്രകടനം, ശക്തമായ പണമൊഴുക്ക് എന്നിവയാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്ന് അദാനി ഗ്രൂപ്പിന്റെ ചെയർ മാൻ ഗൗതം അദാനി പറഞ്ഞു. നിലവിലെ വിപണിയിലുള്ള ചാഞ്ചാട്ടം താൽക്കാലികമാണെന്നും ദീർഘ കാലത്തേക്കുള്ള മൂല്യസൃഷ്ടിയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി, വായ്പ ലഘൂകരിച്ച്, വികസിക്കാനും വളരാനുമുള്ള അവസരങ്ങളെ പ്രയോജനപ്പെടുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 24 ന് അദാനി ഗ്രൂപ്പിനെതിരെ പ്രസിദ്ധീകരിച്ച ഹിൻഡൻ ബെർഗ് റിപ്പോർട്ട്, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് അദാനി ഓഹരികളുടെ 120 ബില്യൺ ഡോളറിന്റെ വിപണി മൂല്യമാണ് തകർത്തത്. അതിനാൽ ഇന്നത്തെ അദാനി എന്റർ പ്രൈസിന്റെ ത്രൈമാസ ഫലത്തെ വളരെ ആകാംക്ഷയോടെയാണ് നിക്ഷേപകർ നോക്കി കാണുന്നത്.