3 Feb 2024 10:38 AM GMT
Summary
- പലിശ വരുമാനം 22 ശതമാനം വർധിച്ച് 105,733.78 കോടി രൂപയിലെത്തി
- പ്രവർത്തന ലാഭം 20,336 കോടി രൂപ
- 7,100 കോടി രൂപയുടെ ഒറ്റത്തവണ അസാധാരണമായ ചെലവ്
ഇന്ത്യയിലെ ഏറ്റവും വലിയ പൊതു മേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) നടപ്പ് വർഷത്തെ മൂന്നാം പാദഫല പ്രഖ്യാപിച്ചു. ബാങ്കിന്റെ സംയോജിത അറ്റാദായം 35 ശതമാനം താഴ്ന്ന് 9,163 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തെ സമാന പാദത്തിലിത് 14,205 കോടി രൂപയായിരുന്നു. പ്രധാന അഞ്ചു ബ്രോക്കറേജ് സ്ഥാപനങ്ങളുടെ എസ്റ്റിമേറ്റയിരുന്ന 13,525 കോടി രൂപയെക്കാളും താഴ്ന്ന അറ്റാദായമാണ് ബാങ്ക് രേഖപെടുത്തിയത്.
7,100 കോടി രൂപയുടെ ഒറ്റത്തവണ അസാധാരണമായ ചെലവ് ഈ പാദത്തിൽ നടന്നതായി പൊതു മേഖല ബാങ്ക് ഫയലിംഗിൽ അറിയിച്ചു.
ഈ പാദത്തിലെ ബാങ്കിന്റെ പലിശ വരുമാനം 22 ശതമാനം വർധിച്ച് 105,733.78 കോടി രൂപയിലെത്തി. മുൻ വർഷത്തെ ഇത് പാദത്തിൽ 86,616.04 കോടി രൂപയായിരുന്നു. ബാങ്കിന്റെ ഈ കാലയളവിലെ അറ്റ പലിശ വരുമാനം (NII) 4.5 ശതമാനം ഉയർന്ന് 39,815.73 കോടി രൂപയായി. അറ്റ പലിശ മാർജിൻ 3.22 ശതമത്തിലെത്തി. മൂന്നാം പാദത്തിൽ ബാങ്കിൻ്റെ പ്രവർത്തന ലാഭം 20,336 കോടി രൂപയായി റിപ്പോർട്ട് ചെയ്തു.
ബാങ്കിൻ്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) കഴിഞ്ഞ വർഷം ഇതേ പാദത്തിൽ രേഖപ്പെടുത്തിയ 3.14 ശതമാനത്തിൽ നിന്ന് 2.42 ശതമാനമായി മെച്ചപ്പെട്ടു. അറ്റ എൻപിഎ മുൻ വർഷത്തെ 0.77 ശതമാനത്തിൽ നിന്നും 0.64 ശതമാനമായി. എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 14.38 ശതമാനം വളർച്ചയാണ് ബാങ്ക് മുൻ വര്ഷത്തേക്കാളും രേപ്പെടുത്തിയത്. കോർപ്പറേറ്റ് അഡ്വാൻസുകൾ 10 ലക്ഷം കോടി കവിഞ്ഞു. എസ്എംഇ അഡ്വാൻസുകൾ 4 ലക്ഷം കോടിയും കടന്നു.
നടപ്പ് സാമ്പത്തിക വർഷത്തെ ഒൻപത് മാസങ്ങളിൽ, ബാങ്കിൻ്റെ വരുമാനം 40,378 കോടി രൂപയായിരുന്നു, മുൻ സാമ്പത്തിക വർഷത്തെ ഇതേ കാലയളവിനെക്കാളും 20.40 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മുൻ വർഷമിത് 33,538 കോടി രൂപയായിരുന്നു. ഒൻപത് മാസത്തെ ബാങ്കിൻ്റെ മൊത്തം പലിശ മാർജിൻ (NIM) 1 ബേസിസ് പോയിൻ്റ് കുറഞ്ഞ് 3.28 ശതമാനമായി. ആഭ്യന്തര മൊത്തം പലിശ മാർജിൻ 8 ബിപിഎസ് കുറഞ്ഞ് 3.41 ശതമാനത്തിലെത്തി.
ഈ വർഷം ഇതുവരെ ഓഹരികൾ ഉയർന്നത് ഒരു ശതമാനം മാത്രമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഓഹരികൾ ഏകദേശം 20 ശതമാനത്തോളം നേട്ടം നൽകിയിരുന്നു.
വെള്ളിയാഴ്ച എസ്ബിഐയുടെ ഓഹരികൾ എൻഎസ്ഇയിൽ 0.054 ശതമാനം ഉയർന്ന് 648 രൂപയിലാണ് ക്ലോസ് ചെയ്തത്.