30 April 2024 10:57 AM GMT
Summary
- കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.4 ശതമാനം ഇടിഞ്ഞു
- പെട്രോളിയം വിഭാഗത്തിലെ വരുമാനം 2.08 ലക്ഷം കോടിയായി കുറഞ്ഞു
- ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജിആർഎം) ബാരലിന് 12.05 ഡോളറിലെത്തി
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) നാലാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ഡിസംബർ പാദത്തിൽ അറ്റാദായം മുൻ പാദത്തെക്കാൾ 40 ശതമാനം താഴ്ന്ന് 4,837.69 കോടി രൂപയിലെത്തി. മൂന്നാം പാദത്തിലെ അറ്റാദായം 8,063.39 രൂപയായിരുന്നു. 2024 ലെ ആദ്യ മൂന്ന് മാസങ്ങളിൽ ക്രൂഡ് ഓയിൽ വില 16 ശതമാനം വരെ ഉയർന്നത് എണ്ണ വിപണന കമ്പനിയുടെ ലാഭം ഇടിയാൻ കരണമായി. ഈ കാലയളവിലെ കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 1.4 ശതമാനം ഇടിഞ്ഞ് 2,19,875.55 കോടി രൂപയിലെത്തി. മുൻ പാദത്തിലിത് 2,23,012.37 കോടി രൂപയായിരുന്നു.
നാലാം പാദത്തിൽ കമ്പനിയുടെ എബിറ്റ്ഡ(EBITDA) 33 ശതമാനം കുറഞ്ഞ് മുൻ പാദത്തിലെ 15,488 കോടി രൂപയിൽ നിന്ന് 10,435 കോടി രൂപയിലെത്തി. 2024 സാമ്പത്തിക വർഷത്തിലെ ശരാശരി ഗ്രോസ് റിഫൈനിംഗ് മാർജിൻ (ജിആർഎം) ബാരലിന് 12.05 ഡോളറിലെത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ ബാരലിന് 19.52 രൂപയായിരുന്നു. 2024 ഏപ്രിൽ മുതൽ മാർച്ച് വരെയുള്ള കോർ ജിആർഎം അല്ലെങ്കിൽ നിലവിലെ വില ബാരലിന് 11.44 ഡോളറിൽ എത്തുമെന്നും ഐഒസി അറിയിച്ചു.
നാലാം പാദത്തിൽ ഐഒസിയുടെ റിഫൈനറി ത്രൂപുട്ട് 18.282 ദശലക്ഷം മെട്രിക് ടണ്ണിലെത്തി (എംഎംടി). മുൻ വർഷമിത് 19.177 എംഎംടി ആയിരുന്നു. നാലാം പാദത്തിലെ പൈപ്പ് ലൈൻ ത്രൂപുട്ട് 24.593 എംഎംടിയിലെത്തി. 2024 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ ആഭ്യന്തര വിൽപ്പന 23.737 ദശലക്ഷം മെട്രിക് ടണ്ണിലെത്തി. കയറ്റുമതി 1.542 എംഎംടിയും.
ഐഒസിയുടെ പെട്രോളിയം വിഭാഗത്തിലെ വരുമാനം 2.11 ലക്ഷം കോടി രൂപയിൽ നിന്ന് 2.08 ലക്ഷം കോടിയായി കുറഞ്ഞു. മാർച്ച് പാദത്തിലെ പെട്രോകെമിക്കൽസ് വിഭാഗത്തിലെ വരുമാനം ഡിസംബർ പാദത്തിലെ 5,983.53 കോടി രൂപയിൽ നിന്ന് 6,908.50 കോടി രൂപയായി ഉയർന്നു.
പത്തു രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് ഏഴ് രൂപയുടെ ലാഭവിഹിതം നൽകാൻ ഐഒസിയുടെ ഡയറക്ടർ ബോർഡ് അനുമതി നൽകി.
ഐഒസിയുടെ ഓഹരികൾ എൻഎസ്ഇ യിൽ 4.41 ശതമാനം താഴ്ന്ന് 168.95 രൂപയിൽ ക്ലോസ് ചെയ്തു.