16 Jan 2024 9:24 AM
Summary
- അറ്റ നിഷ്ക്രിയാസ്‍തി 4.4 ശതമാനം ഉയർന്ന് 1,284.37 കോടി രൂപയായി
- റിസ്‌ക് വെയ്റ്റഡ് ആസ്തികൾ കുത്തനെ ഉയർന്ന് 90.9 ശതമാനമായി
- മൊത്തം വായ്പാ വിതരണം 18.44 ശതമാനം ഉയർന്നു
ഒക്റ്റോബര്‍- ഡിസംബര്‍ കാലയളവില്‍ ഫെഡറല്‍ ബാങ്കിന് 1,006.74 കോടി രൂപയുടെ അറ്റാദായം. മുന്‍ വർഷം ഇതേ പാദത്തിലെ 803.61 കോടി രൂപയിൽ നിന്ന് 25.3% വളർച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മൂന്നാം പാദത്തില്‍ അറ്റ പലിശ വരുമാനം 8.5 ശതമാനം വർധിച്ച് 2,123.4 കോടി രൂപയായി. മുന്‍ വര്‍ഷം സമാന പാദത്തിലിത് 1,956.5 കോടി രൂപയായിരുന്നു.
സെപ്തംബർ പാദത്തിലെ 3.22 ശതമാനത്തിൽ നിന്ന് അറ്റ പലിശ മാർജിൻ (എൻഐഎം) ഡിസംബർ പാദത്തിൽ 3.19 ശതമാനമായി കുറഞ്ഞു. ആസ്തി ഗുണനിലവാരം മൂന്നാം പാദത്തില്‍ കുറയുകയാണ് ഉണ്ടായത്. ബാങ്കിന്റെ മൊത്ത നിഷ്‌ക്രിയ ആസ്തി (എൻപിഎ) രണ്ടാം പാദത്തില്‍. മൊത്തം വായ്പയുടെ 2.26 ശതമാനം ആയിരുന്നുവെങ്കില്‍ മൂന്നാം പാദത്തില്‍ അത് 2.29 ശതമാനമായി ഉയര്‍ന്നു.
2023 ഡിസംബറിൽ അവസാനിച്ച പാദത്തിലെ അറ്റ നിഷ്ക്രിയാസ്‍തി 4.4 ശതമാനം ഉയർന്ന് 1,284.37 കോടി രൂപയായി. സാങ്കേതികമായ എഴുതിത്തള്ളല്‍ ഒഴികെയുള്ള പ്രൊവിഷൻ കവറേജ് അനുപാതം 71.08% ആയിരുന്നു. നടപ്പു സാമ്പത്തിക വർഷത്തിലെ തേയ്മാന ചെലവുകള്‍ 373 കോടിയിൽ നിന്ന് 496 കോടി രൂപയായി കുറഞ്ഞു.
ഫെഡറൽ ബാങ്കിന്റെ റിസ്‌ക് വെയ്റ്റഡ് ആസ്തികൾ ഈ പാദത്തിൽ കുത്തനെ ഉയർന്ന് 90.9 ശതമാനമായി. മുന്‍പാദത്തില്‍ ഇത് 87.8 ശതമാനമായിരുന്നു.
ഫെഡറൽ ബാങ്കിലെ മൊത്തം നിക്ഷേപം 18.96 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 2,39,591.16 കോടി രൂപയായി. മൊത്തം വായ്പാ വിതരണം 18.44 ശതമാനം ഉയർന്ന് 1,99,138 കോടി രൂപയായി. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം (സിആര്‍എആര്‍) മൂന്നാം പാദത്തിന്റെ അവസാനത്തിൽ 15.02 ശതമാനം ആണ്.
2023 ഡിസംബർ 31 വരെ ഫെഡറൽ ബാങ്കിന് 1,418 ശാഖകളും 1,960 എടിഎമ്മുകളും ഉണ്ട്.