2 July 2023 5:22 AM GMT
Summary
- ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന 19.87% ഉയർന്നു
- വിദേശ ഉല്‍പ്പാദനത്തില്‍ 10.63% ഉയര്‍ച്ച
- ജൂണ്‍ പാദത്തില്‍ 90 ശതമാനം ശേഷി വിനിയോഗം
രാജ്യത്തെ മുൻനിര സിമന്റ് നിർമ്മാതാക്കളായ അൾട്രാടെക്കിന്റെ ഏകീകൃത വിൽപ്പന നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തിൽ 19.64 ശതമാനം വർധിച്ച് 29.96 മില്യണ്‍ ടൺ (എംടി) ആയി. മുന്‍ വര്‍ഷം ഏപ്രിൽ-ജൂൺ പാദത്തിൽ കമ്പനി 25.04 മില്യണ്‍ ടൺ സിമന്‍റാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത് എന്ന് അള്‍ട്രാടെക്കിന്‍റെ ഉടമകളായ ആദിത്യ ബിർള ഗ്രൂപ്പ് കമ്പനി ശനിയാഴ്ച റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
അവലോകന പാദത്തിൽ ആഭ്യന്തര വിപണിയിലെ മൊത്തം വിൽപ്പന അളവ് 19.87 ശതമാനം ഉയർന്ന് 29.01 മെട്രിക് ടണ്ണായി. മുന്‍ സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ ഇത് 24.20 മെട്രിക് ടൺ ആയിരുന്നു. ആഭ്യന്തര വിപണിയിലെ ഗ്രേ സിമന്റ് ഉൽപ്പാദനം ജൂൺ പാദത്തിൽ 28.60 മെട്രിക് ടൺ ആയിരുന്നു. മുന്‍ വര്‍ഷം സമാന പാദത്തെ അപേക്ഷിച്ച് 20 ശതമാനം വളർച്ചയാണിത്. വൈറ്റ് സിമന്റ് ഉത്പാദനം 11 ശതമാനം വർധിച്ച് 0.41 മെട്രിക് ടണ്ണിലെത്തി.
അൾട്രാടെക്കിന്റെ വിദേശ ഉൽപ്പാദനം, പ്രധാനമായും ഗ്രേ സിമന്‍റ് ഉല്‍പ്പാദനമാണ്. ഇത് ആദ്യ പാദത്തില്‍ 10.63 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1.04 മെട്രിക് ടണ്ണായി. അവലോകന പാദത്തിൽ കമ്പനി 90 ശതമാനം ശേഷി വിനിയോഗം രേഖപ്പെടുത്തി.
അൾട്രാടെക്കിന് പ്രതിവർഷം 135.55 ദശലക്ഷം ടൺ ഗ്രേ സിമന്റ് ഉല്‍പ്പാദനത്തിനുള്ള ഏകീകൃത ശേഷിയുണ്ട്. 23 ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് യൂണിറ്റുകൾ, 29 ഗ്രൈൻഡിംഗ് യൂണിറ്റുകൾ, ഒരു ക്ലിങ്കറൈസേഷൻ യൂണിറ്റ്, എട്ട് ബൾക്ക് പാക്കേജിംഗ് ടെർമിനലുകൾ എന്നിവയുണ്ട്.