25 Sep 2024 10:36 AM GMT
Summary
- മഹാരാഷ്ട്രയിലെ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ കമ്പനിയിലെത്തി പരിശോധന നടത്തി
- ലേബര്‍ കമ്മീഷണറുടെ പരിശോധനയിലാണ് ഗുരുത വീഴ്ച കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്
മലയാളിയായ അന്ന സെബാസ്റ്റ്യന്റെ മരണത്തില്‍ അന്വേഷണം നടക്കുന്നതിനിടെ പൂനെയിലെ ഏണസ്റ്റ് ആന്‍ഡ് യങ് (ഇവൈ) കമ്പനിക്കെതിരെ കൂടുതല്‍ തെളിവുകള്‍. സംസ്ഥാനതല പെര്‍മിറ്റ് ഇല്ലാതെയാണ് 2007 മുതല്‍ പൂനെയിലെ ഇവൈ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ട്.
അമിത ജോലിഭാരമാണ് തന്റെ മകളുടെ മരണത്തിലേക്ക് നയിച്ചതെന്ന് അന്നയുടെ അമ്മ ഇ വൈ ഇന്ത്യയുടെ ചെയര്‍മാന്‍ രാജീവ് മേമനിക്ക് കത്തയച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് കമ്പനിക്കെതിരെ പുതിയ തെളിവുകള്‍ പുറത്തുവരുന്നത്.
മഹാരാഷ്ട്രയിലെ അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ ശൈലേന്ദ്ര പോളും സംഘവും ഇവൈയുടെ പൂനെ ഓഫീസിലെത്തി പരിശോധന നടത്തിയിരുന്നു. അപ്പോഴാണ് ഷോപ്പ് ആക്ട് സംബന്ധിച്ച ഗുരുതര വീഴ്ച കണ്ടെത്തിയത്. 'ഷോപ്‌സ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട്' പ്രകാരമുള്ള ലൈസന്‍സ് ഇല്ലാതെയാണ് കമ്പനി പ്രവര്‍ത്തിച്ചിരുന്നതെന്നാണ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. തൊഴിലാളികളുടെ അവകാശങ്ങള്‍, ജോലി സമയം, ശമ്പളം, സുരക്ഷാ എന്നിവയെല്ലാം ഈ നിയമത്തിന്റെ പരിധിയിലാണ് വരിക.
കഴിഞ്ഞ പതിനേഴ് വര്‍ഷങ്ങളായി ഷോപ്പ് ആക്ട് ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. അതേസമയം, ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ലൈസന്‍സിനായി സ്ഥാപനം ഓണ്‍ലൈന്‍ അപേക്ഷ നല്‍കിയിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.