image

11 March 2024 6:09 PM IST

News

മാറ്റമില്ലാതെ വെളിച്ചെണ്ണ വില; ഏലക്ക ഇടിഞ്ഞു

MyFin Desk

മാറ്റമില്ലാതെ വെളിച്ചെണ്ണ വില; ഏലക്ക ഇടിഞ്ഞു
X

Summary

  • ജപ്പാനില്‍ റബര്‍ വില കിലോ 336 യെന്നിലേയ്ക്ക് ഉയര്‍ന്നു
  • കുരുമുളക് അണ്‍ ഗാര്‍ബിള്‍ഡ് കിലോ 497 രൂപ
  • വെളിച്ചെണ്ണ വില സ്‌റ്റെഡി


കുരുമുളക് വില തകര്‍ച്ചയില്‍ നട്ടം തിരിയുകയാണ് കാര്‍ഷിക മേഖല. കിലോയ്ക്ക് 100 രൂപ ഇടിഞ്ഞത് കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള കര്‍ഷകരെയും മദ്ധ്യവര്‍ത്തികളെയും കടുത്ത പ്രതിസന്ധിയിലാക്കി. പിന്നിട്ട വാരം കിലോ 19 രൂപ കുറഞ്ഞങ്കിലും ആകെ വില്‍പ്പനയ്ക്ക് വന്നത് 167 ടണ്‍ കുരുമുളക് മാത്രമാണ്. വിലയിടിവ് തടയാന്‍ കര്‍ഷകര്‍ ചരക്കില്‍ പിടിമുറുക്കാന്‍ തയ്യാറായാല്‍ ഉല്‍പ്പന്ന വിലയില്‍ തിരിച്ചു വരവിന് അവസരം ലഭിക്കുമെന്ന നിഗമനത്തില്‍ പലരും വില്‍പ്പന കുറച്ചതോടെ ഇന്ന് കിലോ അഞ്ച് രൂപ വര്‍ദ്ധിച്ച് അണ്‍ ഗാര്‍ബിള്‍ഡ് കിലോ 497 രൂപയായി.

ജപ്പാനില്‍ റബര്‍ വില കിലോ 336 യെന്നിലേയ്ക്ക് ഉയര്‍ന്നു. ഏഴ് വര്‍ഷത്തിനിടയില്‍ റബര്‍ ഈ തലത്തിലേയ്ക്ക് ഉയരുന്നത് ആദ്യം. ടയര്‍ മേഖലയില്‍ റബറിന് നേരിട്ട കടുത്ത ക്ഷാമം തുടരുമെന്ന സൂചന.ഇതര ഉല്‍പാദന രാജ്യങ്ങളില്‍ നിന്നും പുറത്തു വരുന്നതും നിക്ഷേപകരെയും റബര്‍ അവധി വ്യാപാരത്തില്‍ വാങ്ങലുകാരാക്കി. ബാങ്കോക്കില്‍ മൂന്നാം ഗ്രേഡ് ഷീറ്റ് ക്വിന്റ്റലിന് 600 രൂപ വര്‍ദ്ധിച്ച് 21,158രൂപയായി. കേരളത്തില്‍ മികച്ചയിനങ്ങള്‍ക്ക് 200 രൂപ കയറി 17,400 ലാണ് ഇന്ന് ഇടപാടുകള്‍ നടന്നത്. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വിപണികളില്‍ വെളിച്ചെണ്ണ സ്‌റ്റെഡി നിലവാരത്തില്‍ നീങ്ങി.

അതേസമയം മില്ലുകാരില്‍ നിന്നുള്ള ഡിമാന്റ്റില്‍ കാങ്കയത്ത് കൊപ്ര 8600 രൂപയില്‍ വ്യാപാരം നടന്നു, കൊച്ചിയില്‍ നിരക്ക് 9100 രൂപയാണ്. ഏലം കര്‍ഷകരെയും സ്‌റ്റോക്കിസ്റ്റുകളെയും സമ്മര്‍ദ്ദത്തിലാക്കി ഉല്‍പ്പന്ന വില വീണ്ടും ഇടിഞ്ഞു. കാര്‍ഷിക മേഖലയില്‍ നടന്ന ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1306 രൂപയായും മികച്ചയിനങ്ങള്‍ 1780 രൂപയിലും കൈമാറ്റം നടന്നു. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഏലക്ക സംഭരിക്കാന്‍ ഉത്സാഹിച്ചു. മൊത്തം 23,308 കിലോ ഏലക്കയുടെ ലേലം നടന്നു.