27 Jan 2025 10:47 AM GMT
Summary
- കുടിയേറ്റക്കാരോട് മാന്യതയോടെ പെരുമാറണമെന്ന് കൊളംബിയ
- കുടിയേറ്റക്കാരുടെ നാടുകടത്തല്‍; കൊളംബിയ അഞ്ചാമത്
യുഎസില്‍ നിന്നും കുടിയേറ്റക്കാരെ സ്വീകരിക്കുമെന്ന് കൊളംബിയ പ്രഖ്യാപിച്ചു. ഇതോടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധ, നികുതി ഭീഷണികള്‍ പിന്‍വലിച്ചു. യുഎസില്‍ നിന്ന് കുടിയേറ്റക്കാരെ കയറ്റി അയച്ച വിമാനം ഇറക്കുന്നതിന് അനുമതി നല്‍കില്ലെന്ന് നേരത്തെ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞിരുന്നു. തുടര്‍ന്നാണ് ട്രംപ് ഉപരോധ ഭീഷണിയുമായി രംഗത്തുവന്നത്.
ഒരു കുടിയേറ്റക്കാരന്‍ ഒരു കുറ്റവാളിയല്ല, ഒരു മനുഷ്യന് അര്‍ഹിക്കുന്ന മാന്യതയോടെയാണ് അവരോട് പെരുമാറേണ്ടതെന്ന് പെട്രോ പറഞ്ഞു. നാടുകടത്തപ്പെട്ട കുടിയേറ്റക്കാരോടുള്ള യുഎസ് അധികൃതരുടെ പെരുമാറ്റത്തെ പെട്രോ വിമര്‍ശിച്ചു. നാടുകടത്തപ്പെട്ട പൗരന്മാരെ സിവിലിയന്‍ വിമാനങ്ങളിലും മനുഷ്യത്വപരമായ സാഹചര്യങ്ങളിലും മാത്രമേ കൊളംബിയ സ്വീകരിക്കുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമീപ വര്‍ഷങ്ങളില്‍ യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയില്‍ കൊളംബിയക്കാര്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. സെപ്റ്റംബര്‍ വരെയുള്ള 12 മാസ കാലയളവില്‍ 1,27,000-ത്തിലധികം പേര്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റു ചെയ്യപ്പെട്ടു. 2020 നും 2024 നും ഇടയില്‍ യുഎസില്‍ നിന്ന് നാടുകടത്തപ്പെടുന്ന കുടിയേറ്റക്കാരുടെ രാജ്യങ്ങളില്‍ കൊളംബിയ അഞ്ചാം സ്ഥാനത്താണ്.