27 Oct 2024 5:09 AM GMT
Summary
- രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശബരിമല തീര്‍ഥാടനകാലം നവംബര്‍ പകുതിയോടെയാണ് ആരംഭിക്കും
- ആവശ്യമായ എല്ലാ സുരക്ഷാ പരിശോധനകള്‍ക്കും ശേഷമാണ് നാളികേരം കൊണ്ടുപോകാനാകുക
ശബരിമല ക്ഷേത്രത്തിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ക്ക് 2025 ജനുവരി 20 വരെ വിമാനങ്ങളുടെ ക്യാബിന്‍ ബാഗേജില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി നല്‍കുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രി കെ രാംമോഹന്‍ നായിഡു. ഇതിനെതുടര്‍ന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) തീര്‍ഥാടകര്‍ക്ക് അവരുടെ ക്യാബിന്‍ ബാഗേജില്‍ നാളികേരം പരിമിത കാലത്തേക്ക് കൊണ്ടുപോകാന്‍ അനുമതി നല്‍കി.
നിലവിലുള്ള മാനദണ്ഡങ്ങള്‍ പ്രകാരം, കാബിന്‍ ബാഗേജില്‍ നാളികേരം അനുവദിക്കില്ല.
രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശബരിമല തീര്‍ഥാടനകാലം നവംബര്‍ പകുതിയോടെയാണ് ആരംഭിക്കുന്നത്.
ആവശ്യമായ എല്ലാ സുരക്ഷാ പരിശോധനകളും സഹിതം 2025 ജനുവരി 20 വരെ ഉത്തരവ് പ്രാബല്യത്തിലായിരിക്കുമെന്ന് അദ്ദേഹം എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു. ആവശ്യമായ എക്‌സ്-റേ, ഇ.ടി.ഡി (എക്സ്പ്ലോസീവ് ട്രേസ് ഡിറ്റക്ടര്‍), ശാരീരിക പരിശോധനകള്‍ എന്നിവയ്ക്ക് ശേഷം മാത്രമേ നാളികേരം ക്യാബിനില്‍ കൊണ്ടുപോകാന്‍ അനുവദിക്കൂ.
രണ്ട് മാസം നീണ്ടുനില്‍ക്കുന്ന തീര്‍ത്ഥാടന കാലയളവിനായി ശബരിമലയിലെ അയ്യപ്പക്ഷേത്രം നവംബര്‍ പകുതിയോടെ തുറക്കും, തീര്‍ത്ഥാടനം ജനുവരി അവസാനം വരെ നീണ്ടുനില്‍ക്കും.
എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തര്‍ ശബരിമല ക്ഷേത്രം സന്ദര്‍ശിക്കുന്നു, അവരില്‍ ഭൂരിഭാഗവും 'ഇരുമുടി കെട്ട്' കൊണ്ടുപോകുന്നു.
പൊതുവെ ശബരിമല തീര്‍ഥാടനം നടത്തുന്നവര്‍ കെട്ടുനിറകള്‍ എന്ന ആചാരത്തിന്റെ ഭാഗമായി ഇരുമുടിക്കെട്ട് തയ്യാറാക്കി പായ്ക്ക് ചെയ്യാറുണ്ട്.
ആചാര വേളയില്‍, ഒരു നാളികേരത്തിനുള്ളില്‍ നെയ്യ് നിറയ്ക്കുന്നു, അത് മറ്റ് വഴിപാടുകള്‍ക്കൊപ്പം സഞ്ചിയില്‍ സൂക്ഷിക്കുന്നു. തീര്‍ത്ഥാടന കാലത്ത് വിവിധ പുണ്യസ്ഥലങ്ങളില്‍ ഉടയ്ക്കാനുള്ള കുറച്ച് സാധാരണ തേങ്ങയും സഞ്ചിയിലുണ്ടാകും.
ഇരുമുടിക്കെട്ട് തലയില്‍ ചുമക്കുന്ന തീര്‍ത്ഥാടകര്‍ക്ക് മാത്രമേ ക്ഷേത്രത്തിന്റെ ശ്രീകോവിലിലെത്താന്‍ 18 പടികള്‍ കയറാന്‍ അനുവാദമുള്ളൂ. അത് വഹിക്കാത്തവര്‍ മറ്റൊരു വഴിയിലൂടെ വേണം ദര്‍ശനം നടത്തേണ്ടത്.