image

15 Nov 2023 7:24 AM

News

പൂക്കാലം വരവായി ! 40-ാമത് കൊച്ചിന്‍ ഫ് ളവര്‍ ഷോ ഡിസംബര്‍ 22 മുതല്‍

MyFin Desk

flower season has arrived! 40th cochin flower show from december 22
X

Summary

  • കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഫ് ളവര്‍ ഷോ ആയിരിക്കും ഇത്
  • 5000 നുമേല്‍ ഓര്‍ക്കിഡുകള്‍, 1000 അഡീനിയം എന്നിവ ഷോയിലുണ്ടാകും
  • വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മേളയുടെ ഭാഗമാകും


എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റിയും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്പ്‌മെന്റ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന 40-ാമത് കൊച്ചിന്‍ ഫ് ളവര്‍ ഷോ എറണാകുളം മറൈന്‍ഡ്രൈവില്‍ ഡിസംബര്‍ 22 മുതല്‍ 2024 ജനുവരി 1 വരെ നടക്കും. കൊച്ചിന്‍ ഫ് ളവര്‍ ഷോ സ്വാഗതസംഘം ഓഫീസ് ജില്ലാ കളക്ടറും എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി ചെയര്‍മാനുമായ എന്‍.എസ്.കെ. ഉമേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജിസിഡിഎ ചെയര്‍മാന്‍ കെ. ചന്ദ്രന്‍പിള്ള അധ്യക്ഷത വഹിച്ചു. എറണാകുളം ജില്ലാ അഗ്രി ഹോര്‍ട്ടികള്‍ച്ചര്‍ സൊസൈറ്റി വൈസ് ചെയര്‍മാന്‍ വി.കെ. കൃഷ്ണന്‍ ആമുഖപ്രസംഗം നടത്തി. 40 വര്‍ഷങ്ങളായി കൊച്ചി ഫ് ളവര്‍ ഷോയുടെ സംഘാടകനും ലാന്‍ഡ്‌സ്‌കെപ്പറുമായ പ്രൊഫ. വി.ഐ. ജോര്‍ജ് സന്നിഹിതനായി.

കൊച്ചിയുടെ ചരിത്രത്തിലെ ഏറ്റവും വിപുലമായ ഫ് ളവര്‍ ഷോ ആയിരിക്കും ഇത്.

5000 നുമേല്‍ ഓര്‍ക്കിഡുകള്‍, 1000 അഡീനിയം, ഗ്രാഫ്റ്റ് ചെയ്ത പല വര്‍ണ്ണത്തിലുള്ള മൂണ്‍ ക്യാക്ടസ്, ആകര്‍ഷകമായ ഡിസൈനുകളില്‍ ക്രമീകരിച്ച 30000 വാര്‍ഷിക പൂച്ചെടികള്‍, 6000 ചതുരശ്ര അടിയില്‍ തയ്യാറാക്കിയ പുഷ്പാലങ്കാരം, 10 അടി വലുപ്പത്തിലുള്ള വെജിറ്റബിള്‍ കാര്‍വിങ്, പല തരം പ്രാണിപിടിയന്‍ ചെടികള്‍, റോസാ ചെടികള്‍, മിനി ആന്തൂറിയം, മാതൃക പൂന്തോട്ടം, ടോപിയറി മരങ്ങള്‍ കൊണ്ടുള്ള ഉദ്യാനം, വിദേശി പഴചെടികളുടെ ഉദ്യാനം എന്നിങ്ങനെ വിപുലവും കൂടുതല്‍ ആകര്‍ഷകവുമായിരിക്കും ഈ വര്‍ഷത്തെ കൊച്ചിന്‍ ഫ് ളവര്‍ ഷോ.

ഉദ്യാന ചെടികളുടെ വിപണത്തിനായി കേരളത്തിന് പുറത്തുനിന്നും ഉള്ള നഴ്‌സറികള്‍ ഉള്‍പ്പടെ നഴ്‌സറികളുടെ നീണ്ട നിരയുണ്ട്.സന്ദര്‍ശകരുടെ ഉദ്യാനസംബന്ധിയായ സംശയനിവാരണത്തിനായി സംസ്ഥാന കൃഷിവകുപ്പിന്റെ 'അഗ്രി ക്ലിനിക്' ഷോ പ്രവര്‍ത്തിക്കും. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്, കൊക്കോനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡ്, കയര്‍ ബോര്‍ഡ്, എം.പി.ഇ.ഡി.എ, സ്‌പൈസസ് ബോര്‍ഡ് തുടങ്ങി വിവിധ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളും മേളയുടെ ഭാഗമാകും.