image

18 Oct 2023 11:33 AM IST

News

10 രൂപയില്‍ തുടങ്ങിയ ' സമൃദ്ധി ' രണ്ട് വര്‍ഷം പിന്നിടുന്നു; വിളമ്പിയത് 17 ലക്ഷം ഊണ്

MyFin Desk

cochin corporation |  samridhi hotel
X

Summary

കേരളത്തില്‍ 1000-ത്തിലേറെ ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും സമൃദ്ധി ഹോട്ടല്‍ നല്‍കിയതു പോലെ 10 രൂപയ്ക്ക് ഊണ് നല്‍കിയ ഹോട്ടല്‍ വേറെ ഇല്ല


വിശക്കുന്നവര്‍ക്ക് അന്നം പ്രദാനം ചെയ്തു കൊണ്ടു ' സമൃദ്ധി ' രണ്ട് വര്‍ഷം പിന്നിടുന്നു.

വിശപ്പു രഹിത കൊച്ചി എന്ന ലക്ഷ്യവുമായി 2021 ഒക്ടോബര്‍ 7നാണു കൊച്ചിന്‍ കോര്‍പ്പറേഷന്‍ എറണാകുളം നോര്‍ത്ത് പരമാര റോഡില്‍ സമൃദ്ധി ഹോട്ടലിനു തുടക്കമിട്ടത്. നടി മഞ്ജു വാര്യരാണ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തത്.

സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിച്ച പദ്ധതിയിലൂടെ ലക്ഷക്കണക്കിനു പേരുടെ വിശപ്പകറ്റാനും 70 സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പാക്കാനും സാധിച്ചു.

കൊച്ചി പോലൊരു നഗരത്തില്‍ പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും സൗജന്യനിരക്കായ 10 രൂപയ്ക്ക് ഊണ് ലഭ്യമാക്കാനുള്ള തീരുമാനത്തിനു വലിയ സ്വീകാര്യതയും ലഭിച്ചു. ഉദ്ഘാടന ദിവസം അനുഭവപ്പെട്ട അതേ തിരക്ക് ഇന്നുമുണ്ടെന്നത് അതിനു തെളിവാണ്.

ഇതുവരെ വിളമ്പിയത് 17.04 ലക്ഷം ഉച്ചയൂണ്

സമൃദ്ധി ഹോട്ടലിലൂടെ 2 വര്‍ഷം കൊണ്ട് വിളമ്പിയ ഉച്ചയൂണ് 17.04 ലക്ഷം വരും. ദിനംപ്രതി 5000-ത്തിലേറെ പേര്‍ക്ക് ഇവിടെ നിന്നും ഭക്ഷണം നല്‍കുന്നുണ്ടെന്നു ' സമൃദ്ധി ' യുടെ ചുമതല വഹിക്കുന്ന കൊച്ചിന്‍ കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബലാല്‍ പറഞ്ഞു.

10 രൂപയില്‍ തുടങ്ങി

2021 ഒക്ടോബര്‍ 7ന് ഉദ്ഘാടന ദിവസം മുതല്‍ ഈ വര്‍ഷം ഓഗസ്റ്റ് വരെ ഉച്ചയൂണിന് 10 രൂപയായിരുന്നു ഈടാക്കിയിരുന്നത്. 15 രൂപ പാഴ്‌സലിനും ഈടാക്കി.

സമൃദ്ധിയില്‍ 10 രൂപയ്ക്ക് ഉച്ചയൂണ് നല്‍കിയ കാലത്ത് കൊച്ചി നഗരത്തില്‍ പൊതുവിപണിയില്‍ ഊണിന് പൊതുവേ 50 രൂപ ഈടാക്കിയിരുന്നു.

കേരളത്തില്‍ 1000-ത്തിലേറെ ജനകീയ ഹോട്ടലുകള്‍ ഉണ്ടായിരുന്നെങ്കിലും സമൃദ്ധി ഹോട്ടല്‍ നല്‍കിയതു പോലെ 10 രൂപയ്ക്ക് ഊണ് നല്‍കിയ ഹോട്ടല്‍ വേറെ ഇല്ലായിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ സബ്‌സിഡി നിര്‍ത്തലാക്കിയതോടെ സമൃദ്ധി ഊണ്‍ 10 രൂപയില്‍ നിന്നും 20 രൂപയാക്കി വര്‍ധിപ്പിച്ചു. പാഴ്‌സല്‍ ഊണിന് 30 രൂപയുമാക്കി. സാമ്പാര്‍, തോരന്‍, അച്ചാര്‍, പപ്പടം എന്നിവ ഉള്‍പ്പെടുന്നതാണ് ഉച്ചയൂണ്.

രാവിലെ 7 മുതല്‍ രാത്രി 9 വരെ

ആദ്യ കാലങ്ങളില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം 4 വരെയായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. 13 പേരായിരുന്നു ജീവനക്കാര്‍ അന്ന് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാവിലെ 7 മുതല്‍ രാത്രി 9-10 മണി വരെ പ്രവര്‍ത്തിക്കുന്നുണ്ട്. 70 ജീവനക്കാരുമുണ്ട്. 200 പേര്‍ക്ക് വരെ ഇരുന്ന് കഴിക്കാനുള്ള ഡൈനിംഗ് സൗകര്യവും ഇപ്പോള്‍ സമൃദ്ധി ഹോട്ടലിലുണ്ട്.

ഊണ് മാത്രമല്ല, പ്രാതലും, അത്താഴവും ഉണ്ട്

ഉച്ചയൂണിലൂടെ പ്രശസ്തിയാര്‍ജ്ജിച്ച സമൃദ്ധി ഹോട്ടലില്‍ ഇപ്പോള്‍ പ്രാതലും, അത്താഴവും വിളമ്പുന്നുണ്ട്. ഇതിനു പുറമെ ചിക്കന്‍ ബിരിയാണിയും, വൈകുന്നേരം കഞ്ഞിയും പയറും, ചൈനീസ് ഫുഡും ഉണ്ട്. ചിക്കന്‍ ബിരിയാണിക്ക് 100 രൂപയാണ് ഈടാക്കുന്നത്. കന്യാകുമാരി മുതല്‍ കാസര്‍കോഡ് നിന്നു വരെ ഇപ്പോള്‍ സമൃദ്ധിയിലെ രുചി ആസ്വദിക്കാനെത്തുന്നുണ്ട്.