image

21 Sep 2023 7:53 AM GMT

News

കൊക്ക കോളയ്ക്ക് ഇനി 'എഐ' രുചി

Karthika Ravindran

Coca-Cola has a  AI Flavour now
X

Summary

  • എ ഐ ഉപയോഗിച്ച് പുതിയ രുചിഭേദ പാനീയം പുറത്തിറക്കുന്നു
  • മറ്റ് ഫുഡ് കമ്പനികളും എ ഐ വിദ്യ അവതരിപ്പിച്ചിട്ടുണ്ട്


ആഗോള ലഘുപാനീയ ഭീമനായ കൊക്ക കോളയും കൃത്രിമബുദ്ധിയും കൈകോര്‍ത്തതോടെ രുചിഭേദങ്ങളില്‍ പുതിയ ചരിത്രം രചിക്കുകയാണ്. എഐ സഹായത്തോടെ പുതിയ രുചികൂട്ടിലുള്ള പഞ്ചസാര രഹിത പാനീയം 'വൈ 3000 ' അടുത്തയിടെ കൊക്ക കോള പുറത്തിറക്കി.

ഈ പുതിയ രുചിക്കൂട്ട് ഈ ആഴ്ച്ചയോടെ യുണൈറ്റഡ് സ്‌റേറ്‌സ്, യൂറോപ്പ്, ആഫ്രിക്ക, ചൈന, കാനഡ എന്നീ രാജ്യങ്ങളിലെ പ്രധാന റീടെയ്ലർമാർ വഴി ലഭ്യമാകുമെന്നു കരുതുന്നു. എ ഐ സഹായത്തോടെ ഡിസൈന്‍ ചെയ്ത പെറ്റ് ബോട്ടിലുകളിലും കാനുകളിലുമാണ് വൈ 3000 കിട്ടുക. എന്നാല്‍ വളരെ പരിതമായ സമയത്തെക്ക് മാത്രം ആണ് ഇത് വില്‍ക്കുകയെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പുതിയ രുചിഭേദങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള കൊക്ക കോളയുടെ ഇന്നോവേഷന്‍ പ്ളാറ്റ്ഫോമായ കോള ക്രിയേഷന്‍സ് ആണ് 'വൈ 3000 ' രൂപപ്പെടുത്തിയത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ലോകമെമ്പാടുമുള്ള ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അതു വിശകലനം ചെയ്താണ് പുതിയ കോള പാനീയത്തിന്റെ രുചിയും ഭാവവും എല്ലാം തയാറാക്കിയിരിക്കുന്നത്. വികാരങ്ങള്‍, ആഗ്രഹങ്ങള്‍, നിറങ്ങള്‍, രുചികള്‍ എന്നിവയെല്ലാം ഇതില്‍ പ്രതിഫലിക്കുന്നു.

എ ഐ ഉപയോഗിച്ച് പുതിയ റെസിപ്പി പാനീയം പുറത്തിറക്കുന്ന ആദ്യ കമ്പനികളില്‍ ഒന്നാണ് കൊക്ക കോള. 'ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പുതിയതും, രസകരവുമായ അനുഭവങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ എല്ലായ്‌പ്പോഴും പുതിയ വഴികള്‍ തേടുകയാണ്,' കൊക്ക-കോളയിലെ ഗ്ലോബല്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് ബ്രയാന്‍ ജോണ്‍സണ്‍ പറയുന്നു. ' പുതിയ ഉയരങ്ങളിലേക്ക് പോകാന്‍ എ ഐ ഞങ്ങളെ സഹായിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു, വൈ 3000 അതിന്റെ ആദ്യ ഉദാഹരണമാണ്.'

മൂവായിരാമാണ്ടിലെ സ്വാദ് ഇപ്പോള്‍

മൂവായിരാമാണ്ടിന്റെ രുചി അതായത് ഭാവി രുചിയായ കാന്‍ഡി-സ്വീറ്റ് നുണയാനുള്ള അവസരമാണ് കോള, എഐ കൂട്ടുകെട്ട് ഒരുക്കിയിരിക്കുന്നത്. രുചി കൂട്ട് മാത്രമല്ല, കാനിന്റെ പാക്കേജിങ് ഡിസൈനും എഐ മാജിക് ആണ്.

യുവതലമുറയിലെ ഉപഭോക്താക്കളെ ലക്ഷ്യമാക്കി, പാരമ്പര്യ രുചികളില്‍ നിന്ന് വ്യത്യസ്തമായ സ്വാദുകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് എല്ലാ ഫുഡ് കമ്പനികളും. കൊക്ക കോള ക്രീയേഷന്‍സ് വൈ 3000 പുറത്തിറക്കിയതുതന്നെ തങ്ങളുടെ ബ്രാന്‍ഡിനെ ചര്‍ച്ചാവിഷയമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്.

ഈ പുതിയ രുചിയുടെ ആസ്വാദനം വഴി മൂവായിരാമാണ്ട് എങ്ങനെയായിരിക്കുമെന്ന് അവര്‍ക്ക് ഒരു കാഴ്ചപ്പാട് നല്‍കുകയും വളരെ അപ്രതീക്ഷിതവും മന്ത്രികവും ആയ അനുഭവത്തിലൂടെ അവര്‍ക്ക് അവിസ്മരണീയമായ ചില നിമിഷങ്ങള്‍ നല്‍കുകയും ചെയ്യുക എന്നതാണ് ഇതിലൂടെ ഞങ്ങള്‍ ലക്ഷ്യമിടുന്നത്. അതേ സമയം, ഭാവികാലത്തെ കുറിച്ചുള്ള എല്ലാവരുടെയും ആശയങ്ങളും ഭാവനകളും ആഘോഷിക്കുകയും വേണം.' കൊക്ക-കോള കമ്പനിയുടെ ഗ്ലോബല്‍ സ്ട്രാറ്റജി സീനിയര്‍ ഡയറക്ടര്‍ ഒയേന വാള്‍ഡ് പറയുന്നു.

അവര്‍ കൂട്ടിച്ചേര്‍ക്കുന്നു എ ഐ പിന്തുണയോടെയുള്ള സാങ്കേതികവിദ്യയുടെ സഹായത്തോടെ കൊക്ക-കോള പുറത്തിറക്കിയ സീറോ ഷുഗര്‍ വൈ 3000 -നെ സ്വപ്ന പാനീയമെന്നു വിശേഷിപ്പിക്കാം. അതായത് ഭാവിയിലെ കൊക്ക-കോളയുടെ രുചി എപ്രകാരം ആയിരിക്കുമെന്നും ഭാവിയെ പര്യവേഷണം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ആധുനിക അനുഭവമാണ് ഇതു നല്‍കുന്നത്.

മറ്റ് ഫുഡ് ഭീമന്മാരായ ബ്രൂവെര്‍സ്, കണ്‍ഫെക്ഷനെര്‍സ് തുടങ്ങിയവര്‍ തങ്ങളുടെ ഫുഡ് ലാബിലേക്ക് എ ഐയെ കൊണ്ടുവന്നിട്ടുണ്ട്. ഭീമന്‍ ഫുഡ് കമ്പനികള്‍ രഹസ്യ റെസിപ്പികള്‍ സൃഷ്ട്ടിക്കാന്‍ മാത്രം അല്ല, ഉത്പന്നങ്ങളുടെ ഡിമാണ്ട് മനസിലാക്കാനും അതില്‍ ശ്രദ്ധ കേന്ദ്ീകരിക്കുന്നതിനും മാനേജ്‌മെന്റ് മേഖലയിലേക്കും എ ഐ സഹായം തേടുന്നുണ്ട്.

ഭക്ഷണ, പാനീയ വ്യവസായത്തില്‍എ ഐ വിപ്ലവം സൃഷ്ടിക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. എ ഐ ഉപയോഗിച്ച്, കമ്പനികള്‍ക്ക് പുതിയ രുചികള്‍ വികസിപ്പിക്കാനും ഉപഭോക്താക്കളുടെ ഇഷ്ട രുചികള്‍ മുന്‍കൂട്ടി കാണാനും കഴിയും. മാത്രമല്ല, എഐയുടെ സഹായത്തോടെ കമ്പനികള്‍ക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉല്‍പ്പന്നങ്ങള്‍ വ്യക്തിഗതമാക്കാനും സാധിക്കും.

എന്തായാലും ഭക്ഷ്യവ്യവസായത്തില്‍ എ ഐ സൃഷ്ടിക്കുന്ന രുചി വിപ്ലവങ്ങള്‍ക്കായി കാത്തിരിക്കാം.