21 Jan 2024 8:10 AM GMT
കരുവന്നൂരിലെ ഒന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയ കരുനീക്കത്തിന്: മുഖ്യമന്ത്രി
MyFin Desk
Summary
- ഒമ്പതാം സഹകരണ കോണ്‍ഗ്രസിന് തുടക്കം
- അഴിമതി ആരുചെയ്താലും പരിരക്ഷ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി
- സഹകരണ മേഖലയില്‍ അഴിമതി വ്യാപകമല്ല
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിലെ ഒന്നാം പ്രതിയെ മാപ്പുസാക്ഷിയാക്കാനുള്ള കേന്ദ്ര ഏജന്‍സികളുടെ നീക്കം രാഷ്ട്രീയമായ കരുനീക്കങ്ങള്‍ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതി ആരുചെയ്താലും കര്‍ക്കശമായ നടപടി സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അത് ഇതു വരെയുള്ള അനുഭവത്തില്‍ നിന്നും വ്യക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് നടക്കുന്ന ഒമ്പതാം സഹകരണ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കരുവന്നൂർ കേസിൽ ഒന്നാം പ്രതിയെയാണ് കേന്ദ്ര ഏജൻസി മാപ്പ് സാക്ഷിയാക്കിയത്. തെറ്റ് ചെയ്തതായ ആളെ മാപ്പുസാക്ഷി ആക്കുന്നത് ആരെ രക്ഷിക്കാനാണ്? ഏതെങ്കിലും അന്വേഷണ ഏജൻസി അങ്ങനെ നടപടി സ്വീകരിക്കുമോ? രാഷ്ട്രീയ തേജോവധം ചെയ്യാൻ കരുക്കൾ വേണം എന്നതിനാലാണ് ഇതുണ്ടായത്' മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദുഷിച്ച പ്രവണതകള്‍ ഒഴിവാക്കി വിശ്വാസ്യത ഉറപ്പാക്കാന്‍ സഹകരണ മേഖലയ്ക്ക് സാധിക്കണം. സഹകരണ മേഖലയിലെ അഴിമിതി ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രമാണെന്നും വ്യാപകമാണെന്നും അദ്ദേഹം പറയുന്നു. സഹകരണ മന്ത്രി വിഎന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സഹകരണ യൂണിയനും സഹകരണ വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന സഹകരണ കോണ്‍ഗ്രസ് നാളെ സമാപിക്കും.
കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സഹകരണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും.നാളെ വൈകിട്ട് അഞ്ചിന് ഘോഷയാത്രയ്ക്ക് ശേഷം നടക്കുന്ന സമാപന സമ്മേളനം സഹകരണ മന്ത്രി ഉദ്ഘാടനം ചെയ്യും.