4 Oct 2024 6:49 AM GMT
പുതുതായി അഞ്ച് ഭാഷകൾക്ക് കൂടി ‘ശ്രേഷ്ഠ ഭാഷ’ പദവി നൽകി കേന്ദ്ര സർക്കാർ. മറാത്തി, ബംഗാളി, പാലി, പ്രാകൃത്, അസമീസ് എന്നീ അഞ്ച് ഭാഷകൾക്കാണ് ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുക. ഇതോടെ ശ്രേഷ്ഠ ഭാഷ പദവി ലഭിക്കുന്ന ഭാഷകളുടെ എണ്ണം 6 ൽ നിന്ന് 11 ആയി ഉയരും. തമിഴ്, സംസ്‌കൃതം, തെലുങ്ക്, കന്നഡ, മലയാളം, ഒഡിയ എന്നീ എന്നീ ഭാഷകളാണ് ഇതുവരെ ശ്രേഷ്ഠഭാഷകളായി അംഗീകരിക്കപ്പെട്ടവ. 2014-ൽ ഒഡിയക്കാണ് അവസാനമായി ഈ പദവി ലഭിച്ചത്.
2013 മേയ് 23-നു ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് മലയാളത്തെ ശ്രേഷ്ഠഭാഷയായി അംഗീകരിച്ചത്. ഇതിനു മുൻപ് സാഹിത്യ അക്കാദമിയുടെ ഉപസമിതി മലയാളത്തിന് 2000 വർഷം പഴക്കമില്ല എന്ന കാരണം ചൂണ്ടിക്കാട്ടി ശ്രേഷ്ഠഭാഷാപദവി നിരസിച്ചിരുന്നു. പിന്നീട് കേരളം 2000 വർഷത്തെ കാലപ്പഴക്കം തെളിയിക്കുകയായിരുന്നു. 2012 ഡിസംബർ 19-ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ ഭാഷാവിദഗ്ദ്ധ സമിതി മലയാളത്തിന് ശ്രേഷ്ഠഭാഷാപദവി നൽകുന്നത് അംഗീകരിച്ചിരുന്നു.