image

18 Aug 2023 12:21 PM GMT

News

പ്രതിസന്ധി രൂക്ഷമായാല്‍ കനത്ത നഷ്ട൦ നേരിടേണ്ടി വരുമെന്ന് ചൈനീസ് പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍

MyFin Desk

chinese property developers say heavy losses if crisis
X

Summary

  • ഭവന മേഖലയിലെ പ്രതിസന്ധി വ്യാപിക്കുന്നു
  • സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ലിസ്റ്റ് ചെയ്യപ്പെട്ട 18 കമ്പനികള്‍ നഷ്ടം റിപ്പോര്‍ട്ടുചെയ്തു
  • കഴിഞ്ഞവര്‍ഷം നഷ്ടം 11 കമ്പനികള്‍ക്കായിരുന്നു


പ്രതിസന്ധി തുടരുകയാണെങ്കിൽ വലിയ നഷ്ടം ഉണ്ടാകുമെന്ന് ചൈനയിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നു. സര്‍ക്കാര്‍ പിന്തുണയുള്ള കമ്പനികൾ നേരിടുന്ന പ്രതിസന്ധി സ്വകാര്യ മേഖലയിലേക്കും വ്യാപിക്കുന്നതു ആശങ്ക ഉളവാക്കുന്നു.

കോര്‍പ്പറേറ്റ് ഫയലിംഗുകളെ അടിസ്ഥാനമാക്കിയുള്ള ബ്ലൂംബെര്‍ഗിന്റെ കണക്കനുസരിച്ച്, ഹോങ്കോംഗിലും മെയിന്‍ലാന്റിലും ലിസ്റ്റ് ചെയ്തിട്ടുള്ള 38 സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്റര്‍പ്രൈസ് ബില്‍ഡര്‍മാരില്‍ 18 പേരും ജൂണ്‍ 30 ന് അവസാനിച്ച ആറ് മാസങ്ങളില്‍ പ്രാഥമിക നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. 2022 ല്‍ മുഴുവന്‍ വര്‍ഷ നഷ്ടത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത് 11 കമ്പനികള്‍ മാത്രമായിരുന്നു. രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാര്‍ ഓഹരികള്‍ ഉള്ള നാല് സ്ഥാപനങ്ങള്‍ മാത്രമാണ് നഷ്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ചൈന ക്രമേണ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നതിന് അടയാളങ്ങളാണ് ഇവയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

രണ്ടുവര്‍ഷം മുമ്പാരംഭിച്ച ഭവന രംഗത്തെ മാന്ദ്യത്തില്‍ നിന്ന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള നിര്‍മ്മാതാക്കള്‍ രക്ഷപെട്ടിട്ടില്ല എന്നാണ് പുറത്തുവരുന്ന വാര്‍ത്തകളും മുന്നറിയിപ്പുകളും വ്യക്തമാക്കുന്നത്. ഇത് സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തി. സ്വകാര്യ മേഖലയിലെ കമ്പനികളുടെ വീഴ്ചകള്‍ക്ക് ഇത് കാരണമാകുകയും ചെയ്തു. അപൂര്‍ണ്ണമായ പ്രോജക്ടുകള്‍ ഏറ്റെടുത്ത്, അവ വീട് വാങ്ങുന്നവര്‍ക്ക് വിതരണം ചെയ്യുന്നുവെന്ന് ഉറപ്പാക്കി വിപണിയെ പിന്തുണയ്ക്കാനുള്ള എസ്ഒഇകളുടെ കഴിവിനെ ഇത് ഇല്ലാതാക്കുന്നു.

ചൈനയുടെ പ്രോപ്പര്‍ട്ടി മാന്ദ്യം ഇതിനകം തന്നെ എല്ലാ ഡവലപ്പര്‍മാരെയും ദോഷകരമായി ബാധിച്ചതായി സിംഗപ്പൂരിലെ സീനിയര്‍ ക്രെഡിറ്റ് അനലിസ്റ്റ് സെര്‍ലിന സെങ് പറയുന്നു. ജൂലൈയിലും പുതിയ വീടുകളുടെ വില കുറഞ്ഞതായി സര്‍ക്കാര്‍ കണക്കുകള്‍ കാണിക്കുന്നു. എന്നാല്‍ ഔദ്യോഗിക ഡാറ്റയെക്കാള്‍ മോശമാണ് യാഥാര്‍ത്ഥ്യമെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടു ചെയ്തു.

നഷ്ടം നേരിടുന്ന കമ്പനികളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ചില വലിയ ഡെവലപ്പര്‍മാര്‍ ഉള്‍പ്പെടുന്നുണ്ട്. ഷെന്‍ഷെന്‍ ഓവര്‍സീസ് ചൈനീസ് ടൗണ്‍ കമ്പനി 233 ദശലക്ഷം ഡോളര്‍നഷ്ടമാകുമെന്ന് മുന്നറിയിപ്പ് നല്‍കി. ഭാഗികമായി വീടുകളുടെ വില്‍പ്പന വേഗത്തിലാക്കാനുള്ള വിപണന തന്ത്രം കാരണമാണിതെന്നും വിലയിരുത്തപ്പെടുന്നു.

സാമ്പത്തികമായി ശക്തമായ നഗരങ്ങളിലെ കമ്പനികളും പ്രതിസന്ധിയിലാണ്.ഷാങ്ഹായിലെ ജിയാഡിംഗില്‍ ഒരു ലോക്കല്‍ സ്റ്റേറ്റ് അസറ്റ് മാനേജര്‍ നടത്തുന്ന എവര്‍ബ്രൈറ്റ് ജിയാബാവോ കമ്പനി, ലിസ്റ്റ് ചെയ്തതിന് ശേഷമുള്ള ആദ്യത്തെ നഷ്ടം പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

എന്നാല്‍ നഷ്ടം, സ്ഥിരതയില്ലാത്ത സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ അവശേഷിപ്പിച്ച പൂര്‍ത്തിയാകാത്ത പ്രോജക്ടുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കമ്പനികളുടെ വ്യാപ്തി കുറയ്ക്കും. ഇത് വീട് വാങ്ങുന്നവരുടെ വികാരത്തെ കൂടുതല്‍ മോശമാക്കുകയും ചെയ്യും.