8 Aug 2023 8:15 AM GMT
Summary
- 2020 ന് ശേഷം ഉണ്ടായ കയറ്റുമതിയിലെ ഏറ്റവും വലിയ ഇടിവ്
- ചൈനയുടെ ഇറക്കുമതിയിലും മുന്‍ മാസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി
- രാജ്യത്തിന്റെ ആഗോള വ്യാപാര മിച്ചവും കുറഞ്ഞു
ചൈനയുടെ കയറ്റുമതിയില്‍ തുടര്‍ച്ചയായ മൂന്നാം മാസവും കനത്ത ഇടിവ്. കഴിഞ്ഞ മാസം 14.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 2020 ന് ശേഷം ഏറ്റവും വലിയ ഇടിവാണിത്. ചുരുക്കത്തില്‍ ബെയ്ജിംഗിന്‍റെ വിദേശവിപണികളിലെ സാന്നിധ്യം ക്രമേണ കുറയുകയാണ്.
ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയിലെ സാമ്പത്തിക മാന്ദ്യവും ആഗോള വിപണികളിലെ കുറഞ്ഞ ആവശ്യകതയും ഇന്ന് ചൈന നേരിടുന്നു. വിദേശ വിപണികളിലേക്കുള്ള ചൈനീസ് ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കഴിഞ്ഞ മാസം 14.5 ശതമാനമാണ് കുറഞ്ഞത്. അതേസമയം ചൈനയുടെ കയറ്റുമതി ഈ വര്‍ഷം ജൂണില്‍ 12.4 ശതമാനം ഇടിഞ്ഞതായി അവരുടെ കസ്റ്റംസ് അതോറിറ്റി കണക്കുകള്‍ പറയുന്നു.
കോവിഡ് 19 കാലമായ 2020 ജനുവരി-ഫെബ്രുവരി മാസങ്ങളിലാണ് ചൈനയുടെ കയറ്റുമതിയിലെ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തയത്. അന്ന് 17.2 ശതമാനത്തിലധികമായിരുന്നു ഇടിവ്.
ഇക്കഴിഞ്ഞ മാർച്ച്- ഏപ്രില്‍ മാസങ്ങളില്‍ കയറ്റുമതി മേഖല ചെറിയ ഉണർവ് കാട്ടിയെങ്കിലും 2022 ഒക്ടോബര്‍ മുതല്‍ ചൈനയുടെ കയറ്റുമതി താഴോട്ടുതന്നെയാണ് . എന്നാല്‍ ഇത് അധികകാലം നീണ്ടുനില്‍ക്കുമെന്ന് കരുതുന്നില്ലെന്നും വിശകലന വിശാരദർ പറയുന്നു .
ചൈനയുടെ വിദേശ വിപണി പൊതുവേ യുഎസ്, യൂറോപ്പ് സമ്പദ്ഘടനകളെ ആശ്രയിച്ചാണ് നീങ്ങുന്നത്. ആഭ്യന്തര ഡിമാണ്ട് ദുർബലമായതിനാല്‍ ചൈനയുടെ ഇറക്കുമതിയില്‍ 12.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഇറക്കുമതി 20120 കോടി ഡോളറിലേക്ക് കുറഞ്ഞു. രാജ്യത്തിന്റെ ആഗോള വ്യാപാര മിച്ചം 0.4ശതമാനം കുറഞ്ഞ് 80.6 ബില്യണ്‍ ഡോളറായി.
നിലവിലുള്ള പ്രതിസന്ധി കാരണം ഇന്ന് ചൈനീസ് നേതൃത്വം സമ്മര്‍ദ്ദത്തിലാണ്. ചൈനയിലെ പല വന്‍കിട കമ്പനികളും തകര്‍ന്നത് സമ്പദ് വ്യവസ്ഥയ്‌ക്കേറ്റ തിരിച്ചടിയുടെ പ്രതിഫലനമാണ്. കൊറോണക്കാലത്തിനുശേഷം ശക്തമായ തിരുച്ചുവരവ് നടത്താന്‍ ചൈനക്ക് കഴിഞ്ഞിട്ടില്ല.
ചൈനയുടെ സീറോ കോവിഡ് നയം അവർക്കുതന്നെ തിരിച്ചടിയായി. സമ്പദ് വ്യവസ്ഥ ഏറെക്കാലം അടച്ചുപൂട്ടപ്പെട്ട് കിടന്നു. ഇത് ചൈനയില്‍ പ്രവര്‍ത്തിക്കുന്ന ആഗോളകമ്പനികള്‍ക്ക് പ്രതിസന്ധിയുണ്ടാക്കി. അവരുടെ വിതരണ ശൃംഖലകള്‍ താറുമാറായി. ഇല്‍പ്പാദനം നിലച്ചു. ഇതേത്തുടർന്ന്, ഈ കമ്പനികള്‍ ചൈനക്ക് പുറത്ത് തങ്ങളുടെ പ്ലാന്റുകള്‍ വ്യാപിപ്പിക്കാന്‍ ശ്രമമാരംഭിച്ചു.
മുമ്പ് ബിസിനസ് ചൈനയില്‍ മാത്രം ഒതുക്കിനിര്‍ത്തിയിരുന്നവര്‍ ചൈനാ പ്ലസ് വണ്‍ പോളിസിയിലേക്ക് നീങ്ങി. ഒന്നിലധികം രാജ്യങ്ങളിലേക്ക് കമ്പനികള്‍ പടര്‍ന്നു. ഇത് സ്വാഭാവികമായും ചൈനക്ക് ക്ഷീണമായി. കൂടാതെ യുഎസ് -ചൈന വ്യാപാര യുദ്ധവും ബെയ്ജിംഗിന് തിരിച്ചടിയായി. ഈ തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളിലാണ് ചൈനയിപ്പോള്‍.
സംരംഭകരെ പിന്തുണയ്ക്കുന്നതിനും വീട് വാങ്ങുന്നതിനും ഉപഭോക്തൃ ചെലവുകള്‍ക്കും പ്രോത്സാഹനം നല്‍കുന്നതിനും ചൈനയിലെ ഭരണകക്ഷി നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതിജ്ഞയെടുത്തു. എന്നാല്‍ വലിയ തോതിലുള്ള സാന്പത്തിക ഉത്തേജക നടപടികളോ നികുതി വെട്ടിക്കുറവോ പ്രഖ്യാപിക്കുവാന്‍ സര്‍ക്കാര്‍ ഇപ്പോഴും മടിച്ചു നില്‍ക്കുകയാണ്. ചൈന ഇപ്പോള്‍ നേരിടുന്നത് സ്ഥിരമായ ഒരു തിരച്ചടിയല്ലെന്നും താല്‍ക്കാലിക അവസ്ഥമാത്രമാണെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടാതെ ഷി ജിന്‍പിംഗിന്റെ കടുത്ത പല നിലപാടുകളും ഇന്ന് അവര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പ്രഖ്യാപിത നിലപാടുകളില്‍ നിന്ന് പിന്നോട്ടുപോകാന്‍ ഷി തയ്യാറുമല്ല. ക്രമേണ ചൈനയിലെ അന്തരീക്ഷം മാറിവരുമെന്നാണ് പാശ്ചാത്യ വിദഗ്ധരും കരുതുന്നത്.