27 Nov 2023 6:19 AM
Summary
- ചൈനയിലെ രോഗ വ്യാപനം വിതരണ ശൃംഖലയെ ബാധിച്ചേക്കാം
- നിലവില്‍ ഇന്ത്യക്ക് അപകട സാധ്യത കുറവാണെന്ന് കേന്ദ്ര സര്‍ക്കാര്‍
- കുട്ടികളിലെ ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രികള്‍ നിറയുന്നു
ചൈനയില്‍ നിലവില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ശ്വാസകോശ സംബന്ധമായ രോഗത്തില്‍ ആശങ്കപ്രകടിപ്പിച്ച് ആഭ്യന്തര കയറ്റുമതിക്കാര്‍. രോഗത്തിന്റെ വ്യാപനം വീണ്ടും ആഗോള വിതരണ ശൃംഖലയെ ബാധിക്കുകയും ലോക വ്യാപാരത്തെ ബാധിക്കുകയും ചെയ്‌തേക്കാവുന്നതിനാല്‍ സ്ഥിതിഗതികള്‍ ജാഗ്രതയോടെ നിരീക്ഷിക്കുകയാണെന്ന് അവര്‍ വ്യക്തമാക്കുന്നു.
നിലവിലെ സാഹചര്യം ഭയാനകമല്ലെന്നും എന്നാല്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും രോഗം പടര്‍ന്നാല്‍ അത് ലോകവ്യാപാരത്തെ ബാധിക്കുമെന്നും ചൈന ആഗോള ഉല്‍പ്പാദനത്തിന്റെയും കയറ്റുമതിയുടെയും കേന്ദ്രമായതിനാല്‍ ഇത് വളരെ പ്രധാനമാണെന്നും കയറ്റുമതിരംഗത്തുള്ളവര്‍ പറയുന്നു..
ചൈനയിലെ നിലവിലെ ഇൻഫ്ലുവൻസ സാഹചര്യത്തില്‍ നിന്ന് ഉയര്‍ന്നുവന്നേക്കാവുന്ന ഏത് തരത്തിലുള്ള അടിയന്തരാവസ്ഥയ്ക്കും ഇന്ത്യ തയ്യാറാണെന്നും ആ രാജ്യത്തെ കുട്ടികളില്‍ എച്ച് 9 എന്‍ 2 പൊട്ടിപ്പുറപ്പെടുന്നതും ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ ക്ലസ്റ്ററുകളും നിരീക്ഷിക്കുന്നുണ്ടെന്നും നവംബര്‍ 24 തന്നെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
ഏവിയന്‍ ഇൻഫ്ലുവൻസ , എച്ച് 9 എന്‍ 2, തുടങ്ങിയ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ നിന്നും ശ്വാസകോശ സംബന്ധമായ അസുഖങ്ങളില്‍ നിന്നും ഇന്ത്യയ്ക്ക് അപകടസാധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വടക്കന്‍ ചൈനയിലെകുട്ടികളില്‍ ശ്വാസകോശ സംബന്ധമായ അസുഖം വ്യാപിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂട്ടികളെ ധാരാളമായി ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നുണ്ട്.
സ്ഥിതിഗതികള്‍ ജാഗ്രതയോടെ വീക്ഷിക്കുകയാണെന്ന് മുന്‍നിര തുകല്‍ കയറ്റുമതിക്കാരനും ഫരീദ ഗ്രൂപ്പ് ചെയര്‍മാനുമായ റഫീഖ് അഹമ്മദ് പറഞ്ഞു. രോഗങ്ങള്‍ പടര്‍ന്നാല്‍ അത് കച്ചവടത്തെ ബാധിക്കും.
കയറ്റുമതിക്കാര്‍ക്ക് ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് (എഫ്ഐഇഒ) ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് പറഞ്ഞു. എല്ലാ കാര്യങ്ങളും അതിന്റെ വ്യാപനത്തെ ആശ്രയിച്ചിരിക്കുന്നു. 'ഇത് കൂടുതല്‍ മേഖലകളിലേക്ക് വ്യാപിച്ചാല്‍ പ്രശ്നമുണ്ടാകും,' സഹായ് കൂട്ടിച്ചേര്‍ത്തു.
കോവിഡ് പാന്‍ഡെമിക് സമയത്ത്, ആഗോള വിതരണ ശൃംഖല തടസ്സപ്പെട്ടു, ചൈനയിലെ നിലവിലെ രോഗങ്ങള്‍ വീണ്ടും പടര്‍ന്നാല്‍ സമാനമായ സാഹചര്യം ഉണ്ടായേക്കാം.
ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് ചൈന. 2023 ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍, ചൈനയില്‍ നിന്നുള്ള ഇറക്കുമതി 6026 കോടി ഡോളറിലെത്തിയിരുന്നു.