9 April 2025 4:03 PM IST
Summary
- യുഎസിന്റെ താരിഫ് നിലവില്‍ വന്നതോടെയാണ് ബെയ്ജിംഗിന്റെ നിലപാടുമാറ്റം
- ഇന്ത്യയുമായി അതിര്‍ത്തി സംഘര്‍ഷങ്ങള്‍ കുറയ്ക്കും
- ജപ്പാനും ദക്ഷിണകൊറിയയുമായി ചൈന ചര്‍ച്ചയില്‍
യുഎസുമായുള്ള താരിഫ് യുദ്ധം രൂക്ഷമായതോടെ അയല്‍രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. അഭിപ്രായവ്യത്യാസങ്ങള്‍ 'ഉചിതമായി' കൈകാര്യം ചെയ്യുമെന്നാണ് ഷി ഇപ്പോള്‍ പറയുന്നത്. ചൈനീസ് ഇറക്കുമതികള്‍ക്ക് യുഎസ് 104 ശതമാനം താരിഫ് പ്രഖ്യാപിച്ചതിനുശേഷമാണ് ബെയ്ജിംഗിന്റെ നിലപാടുമാറ്റം.
ചൈനക്കെതിരായി നികുതി പ്രഖ്യാപിച്ചതിനുശേഷം ഷി നടത്തിയ ആദ്യ പൊതു പ്രസംഗത്തില്‍ അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധം കെട്ടിപ്പടുക്കാനും അതിനായി പുതിയ അടിത്തറ സൃഷ്ടിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു.
ബെയ്ജിംഗില്‍ നടന്ന അയല്‍രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള കേന്ദ്ര സമ്മേളനത്തിലാണ് ഷി ഈ പരാമര്‍ശം നടത്തിയത്.
അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ വഷളായതോടെ, ചൈന അടുത്തിടെ ഇന്ത്യയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ കുറയ്ക്കുകയും ജപ്പാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ അയല്‍ക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു.
കിഴക്കന്‍ ലഡാക്ക് സൈനിക സംഘര്‍ഷത്തെത്തുടര്‍ന്ന് നാല് വര്‍ഷത്തിലേറെയായി മരവിച്ച ഇന്ത്യ-ചൈന ബന്ധം, കഴിഞ്ഞ ഒക്ടോബറില്‍ റഷ്യയിലെ കസാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഷി ജിന്‍പിംഗ് കൂടിക്കാഴ്ച നടത്തിയതിനുശേഷം മെച്ചപ്പെട്ടതിന്റെ ലക്ഷണങ്ങള്‍ കാണിച്ചു.
അതിനുശേഷം, ബന്ധം സാധാരണ നിലയിലാക്കുന്നതിനായി ഇരു രാജ്യങ്ങളും ഉന്നതതല യോഗങ്ങളുടെ ഒരു പരമ്പര നടത്തി. പ്രാദേശിക വ്യാപാര സൗകര്യം ചര്‍ച്ച ചെയ്യുന്നതിനായി, അടുത്തിടെ ദക്ഷിണ കൊറിയയുമായും ജപ്പാനുമായും ചൈന വ്യാപാര ചര്‍ച്ചകള്‍ നടത്തി.
പ്രാദേശിക, ആഗോള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സ്വതന്ത്ര വ്യാപാര കരാറുകളെക്കുറിച്ച് മൂന്ന് രാജ്യങ്ങളിലെയും വ്യാപാര മന്ത്രിമാര്‍ ചര്‍ച്ച ചെയ്തു.