25 Aug 2023 1:51 PM IST
Summary
- അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കും
- ഇരുരാജ്യങ്ങളും ബന്ധം മെച്ചപ്പെടുത്തുന്നത് പൊതുതാല്‍പ്പര്യങ്ങള്‍ നിറവേറ്റുമെന്ന് ഷി
െബ്രിക്സ് ഉച്ചകോടിക്കിടെ ദക്ഷിണാഫ്രിക്കയില്‍ വേദി പങ്കിട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ കൂടിക്കാഴ്ഛയില്‍ പ്രധാനമന്ത്രി ഉന്നയിച്ചതായി ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തേണ്ടതും അതിർത്തിരേഖ ബഹുമാനിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു. ഇതിനായി മേഖലയില്‍ സംഘര്‍ഷാവസ്ഥ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കാനും ഇരു നേതാക്കളും സമ്മതിച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇരു നേതാക്കളും ബ്രിക്‌സ്ഉച്ചകോടിക്കിടെ ചര്‍ച്ച നടത്തിയതായി ചൈനയുടെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്. നിലവിലെ ബന്ധങ്ങളെക്കുറിച്ച് ഇരു നേതാക്കളും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ വിശദീകരിച്ചതായി ചൈനീസി വിദേശകാര്യ വക്താവ് വാങ് വെന്‍ബിന്‍ പ്രസ്താവനയില്‍ അറിയിച്ചു. നിലവിലെ ചൈന-ഇന്ത്യ ബന്ധങ്ങളും താല്‍പ്പര്യമുള്ള മറ്റ് വിഷയങ്ങളും നേതാക്കള്‍ ചര്‍ച്ചചെയ്തു. മോദി-ഷി ചര്‍ച്ചയില്‍ ആഴത്തിലുള്ള വീക്ഷണങ്ങള്‍ കൈമാറി. ചൈന-ഇന്ത്യ ബന്ധം മെച്ചപ്പെടുത്തുന്നത് ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാല്‍പ്പര്യങ്ങള്‍ നിറവേറ്റുമെന്നും ലോകത്തിന്റെയും മേഖലയുടെയും സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും ഇതു സഹായകമാണെന്നും പ്രസിഡന്റ് ഷി പറഞ്ഞതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു.
2020 ജൂണില്‍ ഗാല്‍വാന്‍ താഴ്വരയില്‍ നിരവധി സൈനികരുടെ മരണത്തിലേക്ക് നയിച്ച രൂക്ഷമായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് ഇന്ത്യ-ചൈന ബന്ധം വഷളായത്. അന്നുമുതല്‍ അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും സൈനികതല ചര്‍ച്ചകള്‍ നടത്തിവരികയാണ്. ഇരു സൈന്യങ്ങളും 19-ാം റൗണ്ട് കോര്‍പ്‌സ് കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി.
ശേഷിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വേഗത്തില്‍ പരിഹാരം കാണാനും സൈനിക, നയതന്ത്ര മാര്‍ഗങ്ങളിലൂടെയുള്ള ചര്‍ച്ചകള്‍ ത്വരിതപ്പെടുത്താനും ഇരുപക്ഷവും സമ്മതിച്ചതായി വിദേശകാര്യമന്ത്രാലയത്തിന്റെ പ്രസ്താവന പറയുന്നു.