9 Aug 2023 11:13 AM GMT
Summary
- ചൈനയില്‍ സാമ്പത്തിക തിരിച്ചുവരവിനെ തടസപ്പെടുത്തും
- പണച്ചുരുക്കം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെയെന്ന് വിദഗ്ധര്‍
- അഞ്ച് ശതമാനം വളര്‍ച്ചാ നിരക്ക് നേടാന്‍ ബെയ്ജിംഗ് വിയർപ്പൊഴുക്കേണ്ടി വരും
ചൈന പണച്ചുരുക്കത്തിലേക്ക് വഴുതുകയാണ്. രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ബെയ്ജിംഗ് ഈ പ്രതിസന്ധിയിലേക്ക് നേരിടുന്നത്.
ആഭ്യന്തര ചെലവ് മന്ദഗതിയിലാകുന്നത് കോവിഡിന് ശേഷമുള്ള സാമ്പത്തിക തിരിച്ചുവരവിനെ തടസപ്പെടുത്തും. പകര്‍ച്ചവ്യാധിയുടെ ആദ്യ നാളുകള്‍ക്ക് ശേഷം രാജ്യം കയറ്റുമതിയില്‍ വന്‍ ഇടിവു നേരിട്ടുവെന്ന വാര്‍ത്തയ്ക്കു തൊട്ടുപിന്നാലെയാണ് പണച്ചുരുക്കക്കണക്കുകള്‍ പുറത്തുവന്നത്. ആഭ്യന്തര, ആഗോള ഡിമാന്‍ഡ് കുറഞ്ഞതിനാല്‍ ഇറക്കുമതി വീണ്ടും കുറയുകയും ചെയ്തു.
ഉപഭോക്തൃ വില സൂചിക ജൂലൈയില്‍ -0.3 ആയി കുറഞ്ഞുവെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് വിശദീകരിക്കുന്നു. ബ്ലൂംബെര്‍ഗ് നടത്തിയ ഒരു സര്‍വേയില്‍ -0.4 ശതമാനത്തിലെത്തുമെന്നാണ് പ്രവചിച്ചിരുന്നത്. സമ്പദ് വ്യവസ്ഥയുടെ മികവിനായി നടപടികള്‍ സ്വീകരിക്കാന്‍ ഇനി അധികൃതരുടെമേല്‍ സമ്മര്‍ദ്ദം ഏറും.
ചരക്കുകളുടെയും സേവനങ്ങളുടെയും വില കുറയുന്നതിനെയാണ് പണച്ചുരുക്കം സൂചിപ്പിക്കുന്നത്. ഉപഭോഗം കുറയുന്നതുള്‍പ്പെടെയുള്ള നിരവധി ഘടകങ്ങള്‍ ഇതിന് കാരണമാകുന്നു.
കുറഞ്ഞ വിലയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഈ സാഹചര്യം പ്രയോജനകരമാമണന്ന് തോന്നുമെങ്കിലും കൂടുതല്‍ കുറവുകള്‍ പ്രതീക്ഷിച്ച് ഉപഭോക്താക്കള്‍ വാങ്ങലുകള്‍ നീട്ടിവെക്കുന്നതിനാല്‍ വിലയിടിവ് വിശാലമായ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്.
ഡിമാന്‍ഡിന്റെ അഭാവം കമ്പനികളെ ഉല്‍പ്പാദനം കുറയ്ക്കാനും നിയമനം മരവിപ്പിക്കാനും തൊഴിലാളികളെ പിരിച്ചുവിടാനും അവരുടെ ഓഹരികള്‍ വിറ്റഴിക്കാനും പ്രേരിപ്പിക്കുന്നു. നിലവില്‍ ചെലവ് അതേപടി തുടരുമ്പോഴും ലാഭക്ഷമത കുറയുകയാണ്.
ചൈനയില്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മാംസമായ പന്നിയിറച്ചിയുടെ വിലയിലുണ്ടായ ഇടിവ് കാരണം, 2020 അവസാനത്തിലും 2021 ന്റെ തുടക്കത്തിലും ചൈനയ്ക്ക് ചെറിയ പണച്ചുരുക്കം അനുഭവപ്പെട്ടിരുന്നു. അതിനുമുമ്പ്, സമാനമായ അവസ്ഥ ഉണ്ടായത് 2009-ലാണ്.
ഈ സാഹചര്യത്തില്‍ പണച്ചുരുക്കം നീണ്ടുനില്‍ക്കാന്‍ സാധ്യതയേറെയാമണന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. തൊഴിലില്ലായ്മാ നിരക്കും അ ഉയരുകയാണ്.
ചൈനീസ് സമ്പദ് വ്യവസ്ഥയുടെ നാലിലൊന്ന് ഭാഗവും ദീര്‍ഘകാലമായി കൈകാര്യം ചെയ്യുന്ന റിയല്‍ എസ്റ്റേറ്റില്‍ നടക്കുന്ന പ്രതിസന്ധിയാണ് ഇപ്പോഴുണ്ടായ പണച്ചുരുക്കത്തിന്റെ അടിസ്ഥാന കാരണമെന്ന് ഗവേക്കല്‍ ഡ്രാഗണോമിക്‌സിലെ സാമ്പത്തിക വിദഗ്ധന്‍ ആന്‍ഡ്രൂ ബാറ്റ്‌സണ്‍ പറയുന്നു.
കയറ്റുമതിയിലെ ഇടിവ് ചൈനയിലെ പതിനായിരക്കണക്കിന് കയറ്റുമതി അധിഷ്ഠിത കമ്പനികളെ നേരിട്ട് ബാധിച്ചു. പുതുതായി പുറത്തുവന്ന കണക്കുകളില്‍ ആശാവഹമായ ഒന്നുമില്ലെന്നതും പ്രശ്‌നമാണ്.
അതേസമയം, പ്രൊഡ്യൂസര്‍ പ്രൈസ് ഇന്‍ഡക്സ് ജൂലൈയില്‍ 4.4 ശതമാനം ഇടിഞ്ഞു. ജൂണിലെ 5.4 ശതമാനത്തേക്കാള്‍ അല്പം മെച്ചപ്പെട്ടെങ്കിലും തുടര്‍ച്ചയായ പത്താം മാസവും പ്രതിസന്ധിയില്‍നിന്ന് കരകയറിയിട്ടില്ല.
ഈ വര്‍ഷം നിശ്ചയിച്ചിട്ടുള്ള അഞ്ച് ശതമാനം വളര്‍ച്ചാ ലക്ഷ്യം കൈവരിക്കാന്‍ ചൈന പാടുപെടുമെന്നാണ് നിലവിലുള്ള സാധ്യതകളും കണക്കുകളും പറയുന്നത്.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥ 2023 ജൂണിലവസാനിച്ച ക്വാര്‍ട്ടറില്‍ 0.8 ശതമാനം മാത്രമാണ് വളര്‍ന്നത്.