9 April 2024 10:00 AM
Summary
- എയര്‍ബേസില്‍ വിവിധ വിമാനങ്ങള്‍ക്കുള്ള സൗകര്യവും ഒരുക്കുന്നു
- ഇത് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കും ഉപയോഗിക്കാനാകും
- ഇന്ത്യയും അതിര്‍ത്തിയില്‍ ഒരു സമ്പൂര്‍ണ ബേസ് നിര്‍മാണം നടത്തുകയാണ്
കിഴക്കന്‍ ലഡാക്കിന്റെ ഏറ്റവും അടുത്തുള്ള ചൈനീസ് താവളമായ ഹോട്ടാനില്‍ രണ്ടാമത്തെ എയര്‍സ്ട്രിപ്പും ചൈന സജീവമാക്കിയതായി ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. സാറ്റലൈറ്റ് ഇമേജറി വിദഗ്ദ്ധനായ ഡാമിയന്‍ സൈമണ്‍ ആണ് ഈ വിവരം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്.
ഇന്ത്യയും ചൈനയും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ ചൈനീസ് സൈനിക നടപടികളില്‍ ഹോട്ടാന്‍ എയര്‍ബേസ് നിര്‍ണായക പങ്ക് വഹിക്കും എന്നത് രാജ്യത്തിന് ഭീഷണിയാണ്. എയര്‍ സ്ട്രിപ്പ് പ്രവര്‍ത്തനക്ഷമമാക്കിയെങ്കിലും കാര്യമായ നീക്കങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഇത് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്കും (പിഎല്‍എ) അവരുടെ വ്യോമസേനക്കും ഇത് അത്യന്താപേക്ഷിതമായിരിക്കും.
കിഴക്കന്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (എല്‍എസി) ഇന്ത്യയും സൈനിക സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുകയാണ്. നിയോമയില്‍ ഒരു സമ്പൂര്‍ണ്ണ ബേസ് നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്ന് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിലവിലുള്ള സൂചന അനുസരിച്ച് രണ്ടാമത്തെ റണ്‍വേ ഏകദേശം 3,700 മീറ്റര്‍ നീളമുള്ളതാണ്. പുതിയ റണ്‍വേയ്ക്കൊപ്പം നിരവധി സൈനിക കെട്ടിടങ്ങളും മറ്റും ഉയര്‍ന്നു വന്നിട്ടുണ്ട്. ഈ തന്ത്രപ്രധാനമായ എയര്‍ബേസില്‍ വിവിധ വിമാനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. വിമാനങ്ങള്‍ വിന്യസിച്ചിട്ടുണ്ടോ എന്ന വിവരം ലഭ്യമായിട്ടില്ല. 2020 മുതല്‍ ചൈന തങ്ങളുടെ സൈനിക ശേഷി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നവീകരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇവിടെ യുദ്ധോപകരണങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങള്‍, ഓണ്‍-സൈറ്റ്, ഓക്‌സിലറി സപ്പോര്‍ട്ട് സ്ട്രക്ച്ചറുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഉപഗ്രഹങ്ങള്‍ കാണുന്നതിന് പുറമെ ഭൂഗര്‍ഭ ബങ്കറുകളും അടിസ്ഥാന സൗകര്യങ്ങളും ചൈന നിര്‍മ്മിച്ചിട്ടുണ്ടെന്ന് ഉറവിടങ്ങള്‍ ചൂണ്ടിക്കാട്ടി.
2020 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ സൈനിക സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതു മുതല്‍ ഇന്ത്യയെപ്പോലെ, ചൈനയും അതിര്‍ത്തിയില്‍ തങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. സൈനികരെ ദ്രുതഗതിയില്‍ വിന്യസിക്കുന്നതിനും മറ്റും ലക്ഷ്യമിട്ട് എയര്‍ഫീല്‍ഡുകള്‍, ഹെലിപാഡുകള്‍, റെയില്‍വേ ശൃംഖല, റോഡുകള്‍, പാലങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വിപുലീകരണത്തിലാണ് ബെയ്ജിംഗ്.