image

23 April 2024 8:37 AM GMT

News

സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് ഒപ്പം ശിശു സംരക്ഷണ അവധിയും നല്‍കണമെന്ന് സുപ്രീംകോടതി

MyFin Desk

സ്ത്രീ ജീവനക്കാര്‍ക്ക് പ്രസവാവധിക്ക് ഒപ്പം ശിശു സംരക്ഷണ അവധിയും നല്‍കണമെന്ന് സുപ്രീംകോടതി
X

Summary

  • ശിശു സംരക്ഷണ അവധിയും വനിതാ ജീവനക്കാരിക്ക് നല്‍കേണ്ടത് ഭരണഘടനാപരമായ ഉത്തരവാണെന്ന് സുപ്രീം കോടതി
  • ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുടെ പരാതിയിന്‍മേലാണ് പരാമര്‍ശം
  • ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചിന്റെ ഈ ശക്തമായ പരാമര്‍ശം.


180 ദിവസത്തെ നിര്‍ബന്ധിത പ്രസവാവധിക്ക് പുറമെ രണ്ട് വര്‍ഷത്തെ ശിശു സംരക്ഷണ അവധിയും വനിതാ ജീവനക്കാരിക്ക് നല്‍കേണ്ടത് ഭരണഘടനാപരമായ ഉത്തരവാണെന്നും അത്തരം അവധി നിഷേധിക്കുന്നത് ജോലി ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നതിന് തുല്യമാണെന്നും സുപ്രീം കോടതി.

ഹിമാചല്‍ പ്രദേശിലെ സര്‍ക്കാര്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ശാലിനി ധര്‍മ്മാനി, തനിക്ക് ഒന്നിലധികം ശസ്ത്രക്രിയകളും നിരന്തര പരിചരണവും ആവശ്യമുള്ള അപൂര്‍വ ജനിതക വൈകല്യമുള്ള കുട്ടിയുണ്ടെന്ന് കാണിച്ച് പരാതിപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പര്‍ദിവാലയും അടങ്ങുന്ന ബെഞ്ചിന്റെ ഈ ശക്തമായ പരാമര്‍ശം.

ലീവുകള്‍ തീര്‍ന്നതായും കേന്ദ്ര സിവില്‍ സര്‍വീസിലെ സെക്ഷന്‍ 43-സിക്ക് സമാനമായ വ്യവസ്ഥകള്‍ സംസ്ഥാന സര്‍വീസ് റൂളുകളില്‍ ഇല്ലാത്തതിനാല്‍ ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍ തനിക്ക് ശിശു സംരക്ഷണ അവധി അനുവദിക്കാന്‍ വിസമ്മതിച്ചെന്നും ധര്‍മ്മാനി തന്റെ അഭിഭാഷക മുഖേന അറിയിച്ചു. 2010-ല്‍ പരിഷ്‌കരിച്ച ചട്ടങ്ങള്‍, വനിതാ ജീവനക്കാര്‍ക്ക് അവരുടെ വികലാംഗരായ കുട്ടികള്‍ക്ക് 22 വയസ്സ് തികയുന്നതുവരെ 730 ദിവസത്തെ ശിശു സംരക്ഷണ അവധിയും സാധാരണ കുട്ടികളുള്ള സ്ത്രീകള്‍ക്ക് കുട്ടികള്‍ 18 വയസ്സ് തികയുന്നതുവരെയും അവധി എടുക്കാന്‍ അനുവദിക്കുന്നതാണ്. 'സ്ത്രീകളുടെ തൊഴില്‍ സേനയില്‍ പങ്കാളിത്തം എന്നത് ഒരു പ്രത്യേകാവകാശമല്ല, മറിച്ച് ഭരണഘടനാപരമായ ഉത്തരവാണ്. ശിശു സംരക്ഷണ അവധി ഒരു സുപ്രധാന ഭരണഘടനാ ലക്ഷ്യത്തിന് വിധേയമാണ്. അല്ലാത്തപക്ഷം, അമ്മമാര്‍ക്ക് അവരുടെ ജീവിതത്തിന്റെ നിര്‍ണായക ഘട്ടങ്ങളില്‍ കുട്ടികളെ നോക്കാന്‍ ജോലി ഉപേക്ഷിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് സിജെഐയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.