7 Dec 2023 9:56 AM
Summary
കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് 7 മാസം പിന്നിട്ടിരിക്കുകയാണ്
നവകേരള സദസ്സിന്റെ ഭാഗമായി നാളെ (8/12/23) രാവിലെ പ്രഭാതയോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരുള്‍പ്പെടുന്ന സംഘം സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ സന്ദര്‍ശിക്കും. രാവിലെ 11 മണിക്ക് കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വൈപ്പിന്‍ ടെര്‍മിനലിലേക്ക് യാത്ര ചെയ്യും. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ മന്ത്രി പി.രാജീവ്, കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ എന്നിവരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കും. സംഘം കൊച്ചി വാട്ടര്‍ മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി തദ്ദേശീയമായി നിര്‍മിച്ച വാട്ടര്‍ മെട്രോ ബോട്ടില്‍ യാത്ര ചെയ്യും.
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിച്ച് 7 മാസം പിന്നിട്ടിരിക്കുകയാണ്. ഇക്കാലയളവില്‍ പന്ത്രണ്ടര ലക്ഷത്തിലധികം ആളുകളാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തത്.
ലോക ജനതയ്ക്ക് മുന്നില്‍ മറ്റൊരു കേരള മോഡല്‍ ആണ് കൊച്ചി വാട്ടര്‍ മെട്രോയിലൂടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്ന കൊച്ചി വാട്ടര്‍ മെട്രോയുടെ ഇലക്ട്രിക്‌ഹൈബ്രിഡ് ബോട്ടുകള്‍ ഇതിനകം അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടിക്കഴിഞ്ഞു. നിലവില്‍ 12 ബോട്ടുകളുമായി ഹൈക്കോര്‍ട്ട് ജംഗ്ഷന്‍-വൈപ്പിന്‍, ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ബോള്‍ഗാട്ടി, വൈറ്റില-കാക്കനാട് എന്നീ മൂന്ന് റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് നടത്തുന്നത്.
ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ നിന്ന് സൗത്ത് ചിറ്റൂരിലേക്കുള്ള സര്‍വ്വീസ് ആണ് അടുത്തതായി ആരംഭിക്കുക. ഇതിനായുള്ള സജ്ജീകരണങ്ങള്‍ അവസാന ഘട്ടത്തിലാണ്. ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി, മുളവുകാട് നോര്‍ത്ത്, വില്ലിംഗ്ടണ്‍ ഐലന്‍ഡ്, കുമ്പളം, കടമക്കുടി, പാലിയംതുരുത്ത് ടെര്‍മിനലുകളുടെയും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്.