image

16 Nov 2023 10:26 PM IST

News

സഹാറ വിഷയം തുടരുമെന്ന് സെബി ചെയർപേഴ്‌സൺ

MyFin Desk

sebi chairperson says sahara issue will continue
X

Summary

  • ഫിക്കി ഇവന്റിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ബുച്ച്
  • പോൺസി സ്കീം നടത്തിയതുൾപ്പെടെ നിരവധി ആരോപണങ്ങൾ സഹാറ ഗ്രൂപ്പിന് നേരിടേണ്ടി വന്നിട്ടുണ്ട്


സഹാറ ഗ്രൂപ്പിന്റെ സ്ഥാപകൻ സുബ്രത റോയിയുടെ മരണത്തിനു ശേഷവും സഹാറ വിഷയം തുടരുമെന്ന് സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ച് പറഞ്ഞു. നീണ്ട അസുഖത്തെ തുടർന്ന് നവംബർ 14-ന് 75-ആം വയസ്സിൽ മുംബൈയിൽ വെച്ചായിരുന്നു റോയ് മരിച്ചത്.

ഫിക്കി ഇവന്റിനോടനുബന്ധിച്ച് മാധ്യമപ്രവർത്തകരോട് സംസാരിച്ച ബുച്ച്, "സഹാറ വിഷയം ഒരു സ്ഥാപനത്തിന്റെ പെരുമാറ്റത്തെക്കുറിച്ചാണെന്നും ഒരു വ്യക്തി അവിടെ ഉണ്ടോ ഇല്ലയോ എന്നത് പരിഗണിക്കാതെ തന്നെ അത് തുടരുമെന്നും" പറഞ്ഞു. റീഫണ്ടുകൾ കുറവായത് എന്തുകൊണ്ടാണെന്ന് ചോദ്യത്തിന്, നിക്ഷേപകർ ഉന്നയിച്ച ക്ലെയിമുകളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി മുഖേന പണം തിരികെ നൽകി വരുന്നതായി ബുച്ച് മറുപടി നൽകി.

നിക്ഷേപകർക്ക് കൂടുതൽ റീഫണ്ടിനായി 24,000 കോടി രൂപ സെബിയിൽ നിക്ഷേപിക്കാൻ സഹാറ ഗ്രൂപ്പിനോട് ആവശ്യപ്പെട്ടെങ്കിലും 138 കോടി രൂപ മാത്രമാണ് നിക്ഷേപകർക്ക് റീഫണ്ട് നൽകിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

പോൺസി സ്കീം നടത്തിയതുൾപ്പെടെ നിരവധി ആരോപണങ്ങൾ സഹാറ ഗ്രൂപ്പിന് നേരിടേണ്ടി വന്നിട്ടുണ്ട്. 2010 നവംബറിൽ സഹാറ ഗ്രൂപ്പിന്റെ രണ്ട് സ്ഥാപനങ്ങളോട് ഇക്വിറ്റി മാർക്കറ്റുകളിൽ നിന്നോ പൊതുജനങ്ങൾക്ക് എന്തെങ്കിലും സെക്യൂരിറ്റി ഇഷ്യൂവിൽ നിന്നോ പണം സ്വരൂപിക്കരുതെന്ന് സെബി ആവശ്യപ്പെട്ടതോടെയാണ് റോയുടെ പ്രശ്‌നങ്ങൾ ആരംഭിച്ചത്.

രണ്ട് കമ്പനികളും ചേർന്ന് നിക്ഷേപകർക്ക് 20,000 കോടിയിലധികം രൂപ തിരികെ നൽകാത്തതിനെ തുടർന്നുണ്ടായ കേസിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 2014-ൽ സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ച് റോയി അറസ്റ്റിലായി. പിന്നീട് അദ്ദേഹത്തിന് ജാമ്യം ലഭിച്ചെങ്കിലും അദ്ദേഹത്തിന്റെ വിവിധ ബിസിനസുകളിൽ പ്രശ്‌നങ്ങൾ തുടർന്നു. സഹാറ ഗ്രുപ് കമ്പനികളായ സഹാറ ഇന്ത്യ റിയൽ എസ്റ്റേറ്റ് കോർപ്പറേഷനും സഹാറ ഹൗസിംഗ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും 2007-08 ൽ ഒഎഫ്‌സിഡി എന്ന കടപ്പത്ര ഉപകരണത്തിലൂടെയാണ് ഫണ്ട് സമരിച്ചത്.

2011 ജൂണിൽ, ക്യാപിറ്റൽ മാർക്കറ്റ് റെഗുലേറ്റർ രണ്ട് സ്ഥാപനങ്ങളോടും നിക്ഷേപകരിൽ നിന്ന് ഓപ്ഷണലായി ഫുള്ളി കൺവേർട്ടബിൾ ഡിബഞ്ചറുകൾ വഴി ശേഖരിച്ച പണം പലിശ ഉൾപ്പെടെ തിരികെ നൽകാൻ ആവശ്യപ്പെട്ടു. അപ്പീലുകളുടെയും ക്രോസ് അപ്പീലുകളുടെയും നീണ്ട നടപടിക്രമങ്ങൾക്ക് ശേഷം, 2012 ൽ സുപ്രീം കോടതി, നിക്ഷേപകരുടെ നിക്ഷേപങ്ങൾ 15 ശതമാനം പലിശ സഹിതം തിരികെ നൽകാൻ ഉത്തരവിട്ടു. നിക്ഷേപകർക്ക് കൂടുതൽ റീഫണ്ടിനായി 24,000 കോടി രൂപ സെബിയിൽ നിക്ഷേപിക്കാൻ സഹാറയോട് ആവശ്യപ്പെട്ടു. എന്നിരുന്നാലും 95 ശതമാനം നിക്ഷേപകർക്ക് നേരിട്ട് റീഫണ്ട് ചെയ്തതിനാൽ ഇത് 'ഇരട്ട പേയ്‌മെന്റ്' ആണെന്ന് ഗ്രൂപ്പ് എല്ലായ്പ്പോഴും ആവർത്തിച്ച് പറയുന്നു.