24 Oct 2023 12:29 PM IST
Summary
- ഈ വര്‍ഷം ഏപ്രിലിലാണ് അജയ് ഗോയല്‍ ബൈജൂസില്‍ സിഎഫ്ഒയായി ജോയിന്‍ ചെയ്തത്
- ബൈജൂസില്‍ നിന്നും രാജിവച്ച ഗോയല്‍ ഈ മാസം 30ന് തിരികെ വേദാന്തയിലേക്ക് തന്നെ മടങ്ങും
- ഫിനാന്‍സ് പ്രസിഡന്റ് നിതിന്‍ ഗോലാനിക്കു ബൈജൂസ് സിഎഫ്ഒയുടെ അധിക ചുമതല നല്‍കി
എഡ്യുടെക് കമ്പനിയായ ബൈജൂസിന്റെ സിഎഫ്ഒ അജയ് ഗോയല്‍ രാജിവച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ഓഡിറ്റ് പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷമാണു അജയ് ഗോയല്‍ രാജിവച്ചത്.
ഗോയലിന്റെ രാജിയെ തുടര്‍ന്നു ബൈജൂസ് ഫിനാന്‍സ് പ്രസിഡന്റ് നിതിന്‍ ഗോലാനിക്കു സിഎഫ്ഒയുടെ അധിക ചുമതല നല്‍കി.
ഈ വര്‍ഷം ഏപ്രിലിലാണ് അജയ് ഗോയല്‍ ബൈജൂസില്‍ സിഎഫ്ഒയായി ജോയിന്‍ ചെയ്തത്.
2021 ഒക്ടോബര്‍ 23 മുതല്‍ 2023 ഏപ്രില്‍ 9 വരെ വേദാന്തയില്‍ ആക്ടിംഗ് സിഎഫ്ഒയായിരുന്നു അജയ് ഗോയല്‍. നെസ് ലേ, ജനറല്‍ ഇലക്ട്രിക്, കൊക്ക കോള, ഡിയാഗോ-യുഎസ്എല്‍ എന്നിവിടങ്ങളിലും ഗോയല്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബൈജൂസില്‍ നിന്നും രാജിവച്ച ഗോയല്‍ ഈ മാസം 30ന് തിരികെ വേദാന്തയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്. 2021-22 സാമ്പത്തിക വര്‍ഷത്തിലെ ഓഡിറ്റ് ചെയ്ത സാമ്പത്തിക ഫലങ്ങള്‍ ബൈജൂസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ പുറത്തുവിടാനിരിക്കവേയാണ് സിഎഫ്ഒ അജയ് ഗോയലിന്റെ രാജി.
അതേസമയം വേദാന്തയിലെ സിഎഫ്ഒ സ്ഥാനത്തു നിന്നും ഒക്ടോബര്‍ 24ന് രാജിവച്ചതായി സൊണാല്‍ ശ്രീവാസ്തവ അറിയിച്ചു. വ്യക്തിപരമായ കാരണം ചൂണ്ടിക്കാട്ടിയാണ് സൊണാലിന്റെ രാജി.