image

11 March 2024 1:33 PM GMT

News

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു, ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു

MyFin Desk

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു, ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
X

Summary

  • ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം
  • പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാകും
  • ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു ഇത്



പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാകും.

2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്ന നിയമമാണ് നടപ്പാക്കുന്നത്. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി.

2019 ഡിസംബറിലാണ് പൗരത്വ ഭേദഗതി നിയമം ലോക്സഭ പാസ്സാക്കിയത്. 2020 ജനുവരി 10-ന് നിലവില്‍വന്നെങ്കിലും ചട്ടങ്ങള്‍ രൂപവത്കരിക്കാത്തതിനാല്‍ നടപ്പാക്കിയിരുന്നില്ല. 2014 ഡിസംബര്‍ 31-ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്.

സി.എ.എ. നടപ്പിലാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സജ്ജമാക്കിയിട്ടുണ്ട്. പൗരത്വത്തിന് അപേക്ഷിക്കുന്നവര്‍ യാത്രാരേഖകളില്ലാതെ ഇന്ത്യയിലെത്തിയ വര്‍ഷം വ്യക്തമാക്കേണ്ടതുണ്ട്. അപേക്ഷകരില്‍നിന്ന് രേഖകളൊന്നും ആവശ്യപ്പെടില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

സി.എ.എ. നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ സംഘടനകളും വിവിധ മുസ്ലിം സംഘടനകളും രാജ്യവ്യാപക പ്രതിഷേധം നടത്തിയിരുന്നു. മുസ്ലിം ലീഗ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ബി.ജെ.പിയുടെ 2019-ലെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു പൗരത്വ നിയമ ഭേദഗതി നടപ്പാക്കും എന്നത്.