image

1 Oct 2024 3:18 PM GMT

News

പ്രളയം; കേന്ദസഹായം 5,858.60 കോടി; കേരളത്തിന് അനുവദിച്ചത് 145.60 കോടി

MyFin Desk

പ്രളയം; കേന്ദസഹായം 5,858.60 കോടി;  കേരളത്തിന് അനുവദിച്ചത് 145.60 കോടി
X

Summary

  • മഹാരാഷ്ട്രയ്ക്ക് ലഭിക്കുന്നത് 1,492 കോടി
  • ആന്ധ്രാപ്രദേശിന് 1,036 കോടി സഹായം


പതിനാല് പ്രളയ ബാധിത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം 5,858.60 കോടി രൂപ അനുവദിച്ചു. ഇതില്‍ കേരളത്തിന് അനുവദിക്കപ്പെട്ടത് 145.60 കോടിയാണ്.

സ്റ്റേറ്റ് ഡിസാസ്റ്റര്‍ റെസ്പോണ്‍സ് ഫണ്ടില്‍ (എസ്ഡിആര്‍എഫ്) നിന്നുള്ള കേന്ദ്ര വിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള അഡ്വാന്‍സ് ആയുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുക അനുവദിച്ചത്.

ഇതില്‍ മഹാരാഷ്ട്രയ്ക്ക് 1,492 കോടിയും ആന്ധ്രാപ്രദേശിന് 1,036 കോടിയും അസമിന് 716 കോടിയും വകയിരുത്തി. ബീഹാറിന് 655.60 കോടിയും ഗുജറാത്തിന് 600 കോടിയും പശ്ചിമ ബംഗാളിന് 468 കോടിയും തെലങ്കാനയ്ക്ക് 416.80 കോടിയും അനുവദിച്ച തുകയില്‍ ഉള്‍പ്പെടും.

ഹിമാചല്‍ പ്രദേശിന് 189.20 കോടിയും കേരളത്തിന് 145.60 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും സിക്കിമിന് 23.60 കോടിയും മിസോറാമിന് 21.60 കോടിയും നാഗാലാന്‍ഡിന് 19.20 കോടിയും നീക്കിവെച്ചു.

ഈ വര്‍ഷം 21 സംസ്ഥാനങ്ങള്‍ക്കായി 14,958 കോടി രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്.

തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിലെ അതിശക്തമായ മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഈ സംസ്ഥാനങ്ങളെ ബാധിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പകൃതിക്ഷോഭം ബാധിച്ച സംസ്ഥാനങ്ങളുമായി ചേര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

പ്രളയബാധിത സംസ്ഥാനങ്ങളായ അസം, മിസോറം, കേരളം, ത്രിപുര, നാഗാലാന്‍ഡ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്ക് നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീമുകളെ അയച്ചിരുന്നു.

കൂടാതെ, അടുത്തിടെ വെള്ളപ്പൊക്കത്തില്‍ നാശം വിതച്ച ബീഹാറിലും പശ്ചിമ ബംഗാളിലും നാശനഷ്ടങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനായി ഇന്റര്‍ മിനിസ്റ്റീരിയല്‍ ടീമുകളെ അയക്കും. വിലയിരുത്തല്‍ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിന് ശേഷം, സ്ഥാപിതമായ നടപടിക്രമമനുസരിച്ച്, ദുരന്തബാധിത സംസ്ഥാനങ്ങള്‍ക്ക് എന്‍ഡിആര്‍എഫില്‍ നിന്നുള്ള അധിക സാമ്പത്തിക സഹായം അനുവദിക്കും.

സാമ്പത്തിക സഹായത്തിനു പുറമേ, പ്രളയബാധിത സംസ്ഥാനങ്ങളെ സഹായിക്കാന്‍ എന്‍ഡിആര്‍എഫ്, കരസേന, വ്യോമസേന എന്നിവയുടെ ആവശ്യമായ ടീമുകളെ വിന്യസിക്കുന്നത് ഉള്‍പ്പെടെ എല്ലാ ലോജിസ്റ്റിക് സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.