2 Sept 2023 6:13 AM
Summary
- 32 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു
- 5 ശതമാനം ഇൻസെന്റീവ്
ലാപ്‌ടോപ്പുകൾ , പേർസണൽ കമ്പ്യൂട്ടറുകൾ, സെർവറുകൾ, ടാബ്‌ലറ്റുകൾ തുടങ്ങിയ വിവര സാങ്കേതിക ഉപകരണങ്ങൾ രാജ്യത്തു അസംബ്ലി ചെയ്യുന്ന കമ്പനികൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സബ് സിഡി പദ്ധതിയിൽ ഡെൽ, എച് പി എന്നീ ബഹുരാഷ്ട്ര ബാൻഡുകൾ ഉൾപ്പെടെ 32 കമ്പനികൾ താൽപര്യം പ്രകടിപ്പിച്ചു
ഉൽപ്പാദനത്തിനനുസരിച്ചു സബ് സിഡി ( പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് ) പദ്ധതി അനുസരിച്ചു ഇങ്ങനെയുള്ള കമ്പനികൾക്ക് 5 ശതമാനം ഇൻസെന്റീവ് നൽകുമെന്ന് കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇപ്പോൾ വിവര സാങ്കേതിക ഉപകരണങ്ങൾ ഏറ്റവും അധികം നിർമ്മിക്കുന്നത് ചൈനയിലും, വിയറ്റ്നാമിലുമാണ്. ഈ രാജ്യങ്ങളിലെ ഉൽപ്പാദന ചെലവ് ഇന്ത്യയിലേക്കാൾ കുറവാണു.. അതിനാൽ കേന്ദ്രം നൽകുന്ന ഇൻസെന്റീവ് ഇന്ത്യയിലെ ഉയർന്ന ഉൽപ്പാദന ചെലവ് നേരിടാൻ കമ്പനികളെ സഹായിക്കുമെന്ന് നിരീക്ഷകർ പറയുന്നു.
അസ്സെംബ്ലയിങ് എന്ന് പറയുന്നത് അത്ര വലിയ മൂല്യവർധിത പ്രവൃത്തി അല്ലെങ്കിലും , അത് വിവര സാങ്കേതിക ഉപകരണ വ്യവസായത്തിന്റെ മറ്റുമേഖലകളിലേക്കു കൂടുതൽ നിക്ഷേപങ്ങൾ വരുന്നതിന്റെ ആദ്യ പടിയാകുമെന്നു അശ്വിനി വൈഷ്ണവ് പറഞ്ഞു.
അടുത്തിടെ ലാപ്ടോപ്പ്, സെർവർ, ടാബ്‌ലറ്റു തുടങ്ങിയ വിവര സാങ്കേതിക ഉപകരണങ്ങളുടെ ഇറക്കുമതിക്ക് ലൈസൻസ് നിർബന്ധിതമാക്കി. ഭൂരിഭാഗം ലൈസെൻസുകളും കാലതാമസമില്ലാതെ അനുവദിക്കുമെന്ന് സർക്കാർ ഉറപ്പു നൽകിയുരുന്നെങ്കിലും, പുതിയ നയത്തിന്റെ പേരിൽ കേന്ദ്ര സർക്കാരിന് പല ഭാഗത്തുനിന്നും വലിയ വിമർശനങ്ങൾ നേരിടേണ്ടി വന്നു. തുടർന്ന് തീരുമാനം നവംബർ 1 മുതലേ നടപ്പിൽ വരികയുള്ളു എന്ന് സർക്കാർ അറിയിച്ചു. .