7 Jan 2025 3:52 AM GMT
Summary
- ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ നിയമിക്കുന്നത് വരെ ട്രൂഡോ അധികാരത്തില്‍ തുടരും
- വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും കുടിയേറ്റ ആശങ്കകളും പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു
- ആഭ്യന്തരകാര്യങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ഇന്ത്യക്കെതിരായി നയതന്ത്ര യുദ്ധം നടത്തിയെങ്കിലും തിരിച്ചടിച്ചു
കാനഡയില്‍ ജസ്റ്റിന്‍ ട്രൂഡോയുടെ യുഗം അവസാനിക്കുന്നു. പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അദ്ദേഹം രാജി പ്രഖ്യാപിച്ചു. ലിബറല്‍ പാര്‍ട്ടിയുടെ പുതിയ നേതാവിനെ നിയമിക്കുന്നത് വരെ ജസ്റ്റിന്‍ ട്രൂഡോ അധികാരത്തില്‍ തുടരും.
അദ്ദേഹത്തിന്റെ നേതൃത്വത്തോടുള്ള വര്‍ധിച്ചുവരുന്ന അതൃപ്തിയും ധനമന്ത്രിയുടെ സമീപകാല പിന്‍മാറ്റവും ട്രൂഡോയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാര്‍ട്ടിയില്‍ തനിക്കെതിരെ വര്‍ധിച്ചുവരുന്ന എതിര്‍പ്പ് മറികടക്കാന്‍ ഇന്ത്യക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉയര്‍ത്തി ശ്രദ്ധ തിരിക്കാനും അദ്ദേഹം ശ്രമിച്ചു. എന്നാല്‍ അതൊന്നും വിലപ്പോയില്ല. തുടര്‍ന്നാണ് അദ്ദേഹം രാജി സന്നദ്ധത പ്രഖ്യാപിച്ചത്.
ആഭ്യന്തര കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താതെ ഇന്ത്യയുമായി നയതന്ത്ര യുദ്ധത്തിനിറങ്ങി പുറപ്പെട്ട ട്രൂഡോയ്ക്ക് സ്വന്തം പാര്‍ട്ടിയില്‍നിന്നുതന്നെ കനത്ത എതിര്‍പ്പ് നേരിടേണ്ടി വരികയായിരുന്നു. സ്വന്തം മന്ത്രിമാര്‍തന്നെ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയച്ചു. അതില്‍ ധനമന്ത്രി രാജിവെക്കുകയും ചെയ്തു. എംപിമാര്‍ കൂട്ടത്തോടെ പിന്മാറുമെന്നും പ്രഖ്യാപിച്ചതോടെ ട്രൂഡോയുടെ അനുനയ ശ്രമങ്ങള്‍ പരാജയപ്പെടുകയായിരുന്നു.
ഈ വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ട്രൂഡോ യോഗ്യനല്ലെന്ന് അംഗങ്ങള്‍ വിലയിരുത്തി. ഇപ്പോള്‍ത്തന്നെ പുറത്തുവന്നിട്ടുള്ള സര്‍വേകളില്‍ ലിബറല്‍ പാര്‍ട്ടി കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന സൂചനയാണ് ഉള്ളത്.
ഒരിക്കല്‍ ജസ്റ്റിന്‍ ട്രൂഡോയുടെ സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എന്‍ഡിപി) നേതാവ് ജഗ്മീത് സിംഗ്, 2025 ജനുവരി 27-ന് പാര്‍ലമെന്റ് വീണ്ടും ചേരുമ്പോള്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനാല്‍ പാര്‍ലമെന്റ് സമ്മേളനം നീട്ടിവെക്കാനും സാധ്യതയുണ്ട്.
2015 മുതല്‍ അധികാരത്തിലിരിക്കുന്ന ജസ്റ്റിന്‍ ട്രൂഡോ, വര്‍ധിച്ചുവരുന്ന ജീവിതച്ചെലവും കുടിയേറ്റ ആശങ്കകളും ഉള്‍പ്പെടെയുള്ള വിവിധ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. ലിബറല്‍ പാര്‍ട്ടിയെ മൂന്ന് പൊതു തിരഞ്ഞെടുപ്പുകളില്‍ ട്രൂഡോ നയിച്ചു. . 2015 ലെ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ സര്‍ക്കാരും 2019, 2021 തിരഞ്ഞെടുപ്പുകളില്‍ രണ്ട് ന്യൂനപക്ഷ സര്‍ക്കാരുകളും അദ്ദേഹം നേടി. ഇനിയൊരു തെരഞ്ഞെടുപ്പ് ട്രൂഡോയ്ക്ക് കീഴില്‍ ലിബറല്‍ പാര്‍ട്ടിക്ക് ചിന്തിക്കാനാവില്ല.