25 Jan 2024 7:21 AM
Summary
- തെരഞ്ഞെടുപ്പ് ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാനായി തുടക്കമിട്ട കമ്മിഷന്റെ അധ്യക്ഷന്‍ ഇന്ത്യയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്
- 2019, 2021-ലെ കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ചൈനയും ഇടപെട്ടെന്ന് ആരോപണം
- സിഖ് വിഘടനവാദി ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ഇന്ത്യയാണെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യ-കാനഡ ബന്ധം പ്രതിസന്ധിയിലായ സമയത്താണ് ഇന്ത്യയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്
2019-ലെയും 2021-ലെയും കനേഡിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പുകളില്‍ ചൈനയുടെ ഇടപെടലിനെ കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച കാനഡയുടെ ഫോറിന്‍ ഇന്റര്‍ഫെറന്‍സ് കമ്മീഷന്‍, ഇന്ത്യന്‍ ഇടപെടലുകളെ കുറിച്ചും അന്വേഷിക്കുമെന്ന് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാനായി കഴിഞ്ഞ വര്‍ഷം തുടക്കമിട്ട കമ്മിഷന്റെ അധ്യക്ഷന്‍ ഇന്ത്യയുടെ ഇടപെടലുകളുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കാന്‍ കനേഡിയന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.
കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ രേഖകള്‍ ചോര്‍ന്നതിനെ തുടര്‍ന്നു കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ കഴിഞ്ഞ വര്‍ഷം അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
കനേഡിയന്‍ തെരഞ്ഞെടുപ്പില്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിനോട് അടുപ്പമുള്ള സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാന്‍ ചൈന ശ്രമം നടത്തിയെന്നായിരുന്നു ആരോപണം. ഇക്കാര്യം അന്വേഷിക്കാനാണ് ട്രൂഡോ ഉത്തരവിട്ടത്. ഈ അന്വേഷണത്തിന്റെ ആദ്യ പബ്ലിക് ഹിയറിംഗ് അടുത്തയാഴ്ച നടക്കാനിരിക്കവേയാണ് ഇപ്പോള്‍ ഇന്ത്യയുടെ പങ്കിനെ കുറിച്ചു കൂടി അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം വാന്‍കൂവറില്‍ വച്ചു സിഖ് വിഘടനവാദി ഹര്‍ദീപ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന്റെ സൂത്രധാരന്‍ ഇന്ത്യയാണെന്ന ആരോപണത്തെത്തുടര്‍ന്ന് ഇന്ത്യകാനഡ ബന്ധം പ്രതിസന്ധിയിലായ സമയത്താണ് ഇപ്പോള്‍ ഇന്ത്യയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.