image

20 Oct 2023 12:51 PM IST

News

കാനഡ കോണ്‍സുലേറ്റ് അടച്ചു; വിസ നടപടികള്‍ക്ക് കാലതാമസം നേരിടും

MyFin Desk

canada closes consulate visa processing will be delayed
X

Summary

കാനഡയിലെ വിസ നടപടികള്‍ ഇന്ത്യ ആഴ്ചകള്‍ക്കു മുമ്പ് തന്നെ നിര്‍ത്തിവച്ചിരുന്നു


ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കത്തിന്റെ ഭാഗമായി കാനഡ 41 നയതന്ത്രജ്ഞരോടും അവരുടെ കുടുംബാംഗങ്ങളോടും ഇന്ത്യയില്‍നിന്ന് പിന്മാറാന്‍ നിര്‍ദേശിച്ചു.

ബെംഗളുരു, ചണ്ഡിഗഡ്, മുംബൈ എന്നിവിടങ്ങളിലെ വിസ സേവനങ്ങളും, വ്യക്തിഗതമായി ലഭ്യമാക്കിയിരുന്ന കോണ്‍സുലര്‍ സേവനങ്ങളും കാനഡ താല്‍ക്കാലികമായി ഇന്ന് മുതല്‍ (ഒക്ടോബര്‍ 20) നിര്‍ത്തിവച്ചു. എന്നാല്‍ ഈ സേവനങ്ങള്‍ ഡല്‍ഹിയിലുള്ള കനേഡിയന്‍ ഹൈക്കമ്മീഷനില്‍ ലഭ്യമായിരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഇനി മുതല്‍ ഇന്ത്യയില്‍ വിസ അപേക്ഷകളിലുള്ള നടപടിക്രമങ്ങളില്‍ കാലതാമസം നേരിടുമെന്ന് ഇമിഗ്രേഷന്‍ റെഫ്യുജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലെ ജീവനക്കാരെ 27-ല്‍ നിന്നും 5 ആയി കുറയ്ക്കാനും ഐആര്‍സിസി തീരുമാനിച്ചു. ജീവനക്കാരുടെ എണ്ണം കുറയുന്നതോടെ ഇന്ത്യയില്‍ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിംഗില്‍ കാല താമസം നേരിടും. ഇന്ത്യന്‍ പൗരന്മാരുടെ അന്വേഷണങ്ങള്‍, അതിനുള്ള പ്രതികരണങ്ങള്‍, വിസ, പാസ്‌പോര്‍ട്ട് സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയിലെല്ലാം കാലതാമസമുണ്ടാകും.

ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ 17,500 അപേക്ഷയിന്മേല്‍ എടുക്കാനിരുന്ന തീരുമാനങ്ങള്‍ക്ക് കാലതാമസമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2024 ഓടെ വിസ പ്രോസസ്സിംഗ് സാധാരണ നിലയിലാകുമെന്നും പ്രതീക്ഷിക്കുന്നുണ്ട്.

അതേസമയം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകള്‍ സ്വീകരിക്കുമെന്നും പ്രോസസ് ചെയ്യുമെന്നും ഐആര്‍സിസി അറിയിച്ചിട്ടുണ്ട്.

കാനഡയിലെ വിസ നടപടികള്‍ ഇന്ത്യ ആഴ്ചകള്‍ക്കു മുമ്പ് തന്നെ നിര്‍ത്തിവച്ചിരുന്നു.

ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ദീപ് നിജ്ജാറിനെ വെടിവെച്ചുകൊന്ന സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിനു പങ്കുണ്ടെന്നു കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ രൂപപ്പെട്ടത്.

ആരോപണങ്ങളെ ഇന്ത്യ ശക്തമായി നിഷേധിച്ചു. ഈ വര്‍ഷം ജൂണ്‍ 18-നാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഗുരുദ്വാരയ്ക്ക് പുറത്ത് വച്ചു നിജ്ജാര്‍ കൊല്ലപ്പെട്ടത്. 1997-ലാണ് നിജ്ജാര്‍ കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് 2015-ല്‍ കനേഡിയന്‍ പൗരത്വം നേടുകയും ചെയ്തു.

കാനഡയുടെ ജനസംഖ്യയില്‍ രണ്ട് ശതമാനം സിഖ് വംശജരാണ്. ഏകദേശം 7,70,000 സിഖ് വംശജര്‍ കാനഡയിലുണ്ട്.