25 Aug 2023 11:56 AM GMT
Summary
- പുതിയ പ്രോഗ്രാം അടുത്തവര്‍ഷം നിലവില്‍ വരുമെന്ന് സൂചന
- വിശ്വസനീയ സ്ഥാപനങ്ങളെ തിരിച്ചറിയാനുള്ള ചട്ടക്കൂടാണ് തയ്യാറാകുന്നത്
- പദ്ധതിയോടുള്ള സ്ഥാപനങ്ങളുടെ പ്രതികരണം പുറത്തുവന്നിട്ടില്ല
സ്റ്റുഡന്റ് വിസകള്‍ക്ക് പുതിയ നയവുമായി കാനഡ. റിപ്പോര്‍ട്ടുകള്‍ പ്രകാരം അടുത്തവര്‍ഷം പദ്ധതി പ്രാബല്യത്തില്‍ വന്നേക്കും. നിലവിലുള്ള വിദ്യാര്‍ത്ഥിവിസ പദ്ധതി ഇതുവഴി നവീകരിക്കപ്പെടും.
പദ്ധതിയുടെ വിശദാംശങ്ങള്‍ കൂടുതൽ പുറത്തു വിട്ടിട്ടില്ല. എങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സുസ്ഥിരമായ പ്രവേശനം, വിദ്യാര്‍ത്ഥികളെ തിരിച്ചറിയല്‍, നിരീക്ഷണം തുടങ്ങിയവ പുതിയ പദ്ധതിയില്‍ ഉണ്ടാകുമെന്നാണ് സൂചന. കാനഡയിലേക്ക് വിദ്യാഭ്യാസത്തിനായി എത്തുന്ന അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതവും മികച്ചതുമായ അന്തരീക്ഷം ഒരുക്കുന്നതിനുവേണ്ടിയാണ് പുതിയ നയം.
സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്ന സ്ഥാപനങ്ങളെയാകും വിശ്വസ്ത സ്ഥാപനങ്ങളായി പരിഗണിക്കുക. ഈ പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അനുകൂലവും പ്രതികൂലവുമായ ഘടകങ്ങളെപ്പറ്റി ഉദ്യോഗസ്ഥര്‍ വിലയിരുത്തി വരികയാണ്. എങ്കിലും വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും പരിഗണിക്കപ്പെടും എന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇക്കാര്യത്തില്‍ തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍, അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്ന ഏതൊരു കനേഡിയന്‍ സ്ഥാപനവും ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനായി (ഡിഎല്‍ഐ) തരംതിരിച്ചതാകണം. കനേഡിയന്‍ സ്റ്റഡി പെര്‍മിറ്റിന് അപേക്ഷിക്കുന്നതിന് മറ്റുരാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഡിഎല്‍ഐയില്‍ നിന്നുള്ള സ്വീകാര്യതാ കത്ത് ആവശ്യമാണ്. പുതിയ ട്രസ്റ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പദ്ധതി ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകളെ രണ്ടായി തരം തിരിക്കും. അവയിലാകും വിശ്വസനീയ സ്ഥാപനങ്ങളായി അംഗീകരിക്കപ്പെടുക.
ഈ വര്‍ഷം ജൂണില്‍ നടന്ന യോഗത്തിലാണ് ട്രസ്റ്റഡ് ഇന്‍സ്റ്റിറ്റിയൂഷന്‍ പദ്ധതിയുടെ കരട് അവതരിപ്പിച്ചത്. സ്ട്രാറ്റജിക് ഇമിഗ്രേഷന്‍ അവലോകനത്തിനും മറ്റ് പരിശോധനകള്‍ക്കും ശേഷം പദ്ധതി കൂടുതല്‍ മെച്ചപ്പെടുത്തി. അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികളുടെ അപകടസാധ്യത, അപേക്ഷകളിലെ വര്‍ധന, വിദ്യാര്‍ത്ഥികള്‍ക്കുവേണ്ട വൈവിധ്യത്തിന്റെ ആവശ്യകത എന്നിവ ഉള്‍പ്പെടെ നിരവധി വസ്തുതകളില്‍ പദ്ധതി പരിശോധന നടത്തി.
വിശ്വസനീയമായ സ്ഥാപനങ്ങളുടെ ചട്ടക്കൂട് രണ്ട് പ്രധാനവിഭാഗം ഡാറ്റകളെയാണ് ആശ്രയിക്കുന്നത്. സ്റ്റഡി പെര്‍മിറ്റിനുള്ള നിരക്ക്, വിദ്യാര്‍ത്ഥികളുടെ രാജ്യം, ബിരുദാനന്തര വര്‍ക്ക് പെര്‍മിറ്റിലേക്കോ മറ്റ്് പ്രോഗ്രാമിലേക്കോ ഉള്ള മാറ്റം, കാനഡയിലെ അധികൃതരില്‍ നിന്നും ലഭിക്കുന്ന ഡാറ്റകള്‍ എന്നിവയാണ് അവ.
രണ്ടാമത് എമിഗ്രേഷന്‍ വകുപ്പുമായി അധിക ഡാറ്റ പങ്കിടുന്ന ഒരു പുതിയ റിപ്പോര്‍ട്ടിംഗ് സ്‌കീമില്‍ ഡെസിഗ്നേറ്റഡ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂഷനുകള്‍ പങ്കെടുക്കേണ്ടതുണ്ട്. പ്രോഗ്രാം പൂര്‍ത്തിയാക്കുമ്പോള്‍ ഉള്ളനിരക്ക്, ട്യൂഷനുകളില്‍ നിന്നുള്ള വരുമാനത്തിന്റെ അനുപാതം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേവനങ്ങളുടെ ചെലവുകള്‍, ഹോസ്റ്റല്‍ഡ സൗകര്യം തുടങ്ങിയവ അവര്‍ വിശദീകരിക്കേണ്ടതുണ്ട്.