20 Nov 2024 4:19 PM IST
Summary
- സുരക്ഷാ നടപടികളുടെ ഭാഗമായാണ് നടപടി
- പരിശോധനകള്‍ക്കായി അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ദീര്‍ഘനേരം ഇനി കാത്തിരിക്കേണ്ടി വരും
- യാത്രക്കാര്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തിച്ചേരണം
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കായി കാനഡ എയര്‍പോര്‍ട്ട് സ്‌ക്രീനിംഗ് കര്‍ശനമാക്കുന്നു; സുരക്ഷാ നടപടികളുടെ ഭാഗമായാണ് പ്രഖ്യാപനം.
കാനഡയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന യാത്രക്കാര്‍ക്ക് ഇനി ഉയര്‍ന്ന സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ നേരിടേണ്ടിവരും. കനേഡിയന്‍ ഗതാഗത മന്ത്രി അനിതാ ആനന്ദ് പുതിയ പ്രോട്ടോക്കോളുകളുടെ ഭാഗമായി നടപടികള്‍ പ്രഖ്യാപിച്ചു. ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കനേഡിയന്‍ മണ്ണില്‍ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെത്തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഇത്.
പുതിയ സുരക്ഷാ പ്രോട്ടോക്കോളുകളെ കുറിച്ച് എയര്‍ കാനഡ ഇന്ത്യയിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി. പ്രീ-ബോര്‍ഡിംഗ് പരിശോധനകള്‍ക്കിടയില്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ദീര്‍ഘനേരം കാത്തിരിക്കേണ്ടി വരും. സുരക്ഷാ പരിശോധന കര്‍ശനമായതിനാല്‍ വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂര്‍ മുമ്പെങ്കിലും വിമാനത്താവളങ്ങളില്‍ എത്തിച്ചേരണമെന്ന് എയര്‍ കാനഡ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചു.